
കോഴിക്കോട്: സംസ്ഥാന അധ്യക്ഷസ്ഥാനത്തെ ചൊല്ലി തർക്കം ഉടലെടുത്തതോടെ ജെഡിഎസ് - എൽജെഡി ലയനം നീളാൻ സാധ്യത. പാർട്ടി അധ്യക്ഷ സ്ഥാനമടക്കം പാർട്ടിയിൽ 70 ശതമാനം ഭാരവാഹിത്വം വേണമെന്നാണ് എൽജെഡിയുടെ ആവശ്യം. നിയമസഭാ സീറ്റുകളുടെ കാര്യത്തിലും ധാരണ വേണമെന്ന് എൽജെഡി ആവശ്യപ്പെടുന്നു. എന്നാൽ അധ്യക്ഷൻ സ്ഥാനം വിട്ടു തരാനാവില്ലെന്ന നിലപാടിലാണ് ജെഡിഎസ്.
നിലവിലെ സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ലയനം ഉണ്ടാകാൻ സാധ്യതയില്ലെന്ന് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി. ഹാരിസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാസങ്ങൾക്ക് മുൻപ് യുഡിഎഫ് വിട്ടു വന്ന എം.വി.ശ്രേയാംസ്കുമാറിൻ്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദളും മാത്യു ടി തോമസിൻ്റെ നേതൃത്വത്തിലുള്ള ജനതാദൾ സെക്യുലറും ലയിച്ച് ഒരു പാർട്ടിയായി എൽഡിഎഫിൽ തുടരാൻ നേരത്തെ ധാരണയായിരുന്നു.
രണ്ട് പാർട്ടികളും ഒന്നായി നിൽക്കണമെന്ന താത്പര്യമാണ് സിപിഎമ്മിനും ഉള്ളത്. എന്നാല്‍ ലയനത്തിന് അനുകൂലമായ സാഹചര്യമൊരുക്കാൻ ഇതുവരേയും ഇരുപാർട്ടികൾക്കും സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഇനിയും താമസം വേണ്ടെന്ന നിലപാടാണ് ഇരു പാര്‍ട്ടികളുടേയും. മാത്യു ടി. തോമസും മന്ത്രി കെ. കൃഷ്ണൻകുട്ടിയും എം.വി. ശ്രേയാംസ്കുമാറുമായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിന് മുൻപ് ലയനം വേണമെന്ന നിര്‍ദ്ദേശം ജെഡിഎസ് നേതൃത്വം ശ്രേയാംസ്കുമാറിന് മുന്നില്‍ വച്ചിട്ടുണ്ടെങ്കിലും അതിനിയും നീളും എന്ന സൂചനയാണ് എൽജെഡി നേതൃത്വം നൽകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam