
തിരുവനന്തപുരം: ആളുകളെ വൻ കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടുന്ന ലോൺ ആപ്പുകൾക്കെതിരെ സംസ്ഥാനം കേന്ദ്ര സർക്കാരിനെ സമീപിച്ചു. പണം തട്ടുന്ന ലോൺ ആപ്പുകൾ ഉൾപ്പടെ 172 ആപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിന് കത്ത് നൽകി. സൈബർ പൊലിസ് ഡിവിഷന്റെ ശുപാർശ പ്രകാരമാണ് സംസ്ഥാന ഐടി വകുപ്പ് കേന്ദ്രത്തെ സമീപിച്ചത്.
ലോണ്‍ - ട്രെയിഡിംഗ് ആപ്പുകള്‍ വഴി പണം തട്ടുന്ന 271 ആപ്പുകളാണ് സൈബർ പട്രോളിംഗിൽ കണ്ടെത്തിയത്. പൊലിസ് കത്ത് നൽകിയ പ്രകാരം 99 ആപ്പുകള്‍ ഗൂഗിളും ആപ്പിളും മരവിപ്പിച്ചു. മറ്റ് തട്ടിപ്പ് ആപ്പുകളില്‍ ഡൗണ്‍ ലോഡ് ചെയ്യുന്നത് ചില ലിങ്കുകള്‍ വഴിയാണെന്നും ഇവ ഇന്ത്യോനേഷ്യ, കമ്പോഡിയ എന്നിവടങ്ങളിലുള്ള ചില സൈറ്റുകളിൽ നിന്നും വരുന്നതാണെന്നും മറുപടി ലഭിച്ചു. ഈ സൈറ്റുകള്‍ക്കെതിരെ നേരിട്ട് നടപടിയെടുക്കാൻ കഴിയില്ലെന്നാണ് ഗൂഗിൾ മറുപടി നൽകിയത്.
തട്ടിപ്പ് സൈറ്റുകളുടെ ഇൻറർനെറ്റ് ദാതാക്കളോട് പ്രവർത്തനം നിർത്താനുള്ള നിർദ്ദേശം നൽകാനുള്ള അധികാരം കേന്ദ്രത്തിനാണുള്ളത്. ഈ അധികാരം ഉപയോഗിച്ച് നടപടിയെടുക്കണമെന്നാണ് സംസ്ഥാനത്തെ നോഡൽ ഓഫീസർ എന്ന നിലയിൽ ഐടി സെക്രട്ടറി ഇന്നലെ കേന്ദ്രത്തിന് കത്ത് നൽകിയത്. ഏഴു ദിവസത്തിനകം കേന്ദ്രം നടപടിയെടുക്കണമെന്നാണ് ചട്ടം. സൈബർ പണം തട്ടിപ്പുകള്‍ വർദ്ധിച്ചതോടെ കൂടുതൽ നടപകളിലേക്ക് പോവുകയാണ് പൊലീസ്.
കോഴിക്കോട് സൈബർ ഡോമും സർവ്വകലാശാലകളും ഐടി വോണ്ടൻറിയർമാരുമായും സഹകരിച്ച് സൈബർ ലോണ്‍ തട്ടിപ്പിനെതിരെ ഗവേഷണവും ആരംഭിച്ചു. സൈബർ തട്ടിപ്പുകളുടെ അന്വേഷണത്തിനായി എസ്പി ഹരിശങ്കറിൻെറ നേതൃത്വത്തിൽ സ്റ്റാൻറഡ് ഓപ്പറേഷൻ പ്രോസീച്യർ തയ്യാറാക്കും. ഇതനുസരിച്ചായിരിക്കും സ്റ്റേഷനുകളിൽ അന്വേഷണം നടത്തുക. 620 പൊലിസുകാർ സൈബർ പരിശീലനവും പൂർത്തിയാക്കി. പരിശീലനം പൂർത്തിയാക്കുന്ന എല്ലാ പൊലിസുകാർക്കും സൈബർ അന്വേഷണത്തിൻെറ ഭാഗമായ ലാപ് ടോപ്പ് സ്വന്തമായി വേണമെന്നും ഉത്തരവിറക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam