
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് സിപിഐ സ്ഥാനാർത്ഥി പിന്മാറി. വാട്സ്ആപ്പ് ഗ്രൂപ്പിൽ കുറിപ്പിട്ടാണ് സ്ഥാനാർത്ഥിയുടെ പിന്മാറ്റം. ഊരുട്ടമ്പലം വാർഡിലെ സ്ഥാനാർത്ഥിയായി തീരുമാനിച്ച ജോസാണ് അവിചാരിതമായി പിന്മാറിയത്. സ്ഥാനാർത്ഥി ഒളിവിലെന്നും സൂചന. ഇതോടെ സിപിഐ വെട്ടിലായി. നാമനിർദ്ദേശപത്രിക നൽകുന്നതിന് തൊട്ടുമുമ്പാണ് സ്ഥാനാർത്ഥിയുടെ പിന്മാറ്റം. തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ അടക്കം സഹകരണം ലഭിക്കില്ലെന്ന ആശങ്കയാണ് പിന്മാറ്റ കാരണം എന്നാണ് പുറത്ത് വരുന്ന വിവരം. സ്ഥാനാർത്ഥിത്വത്തിൽ സിപിഐയിലും എതിർപ്പുണ്ടെന്ന് ജോസ് പറയുന്നു.
പ്രിയ സുഹൃത്ത്ക്കളെ, ഊരൂട്ടനലം വാർഡിലെ LDF സ്ഥാനാർത്ഥിയാണ് ഞാൻ. തെരഞ്ഞെടുപ്പ് രാഷ്ട്രിയത്തിൻ്റെ ദുരൂഹതകൾ എനിക്കറിയില്ലായിരുന്നു. അതറിഞ്ഞപ്പോൾ വേണ്ടിയിരുന്നില്ല എന്ന നിഗമനത്തിലേക്ക് എത്തിച്ചേരേണ്ടി വന്നു. പൊതു സമൂഹത്തിലുള്ള സ്വീകാര്യത രാഷ്ട്രീയത്തിലില്ല എന്നതും ഒരു വലിയ തിരിച്ചറിവായിരുന്നു. ആർക്കും ഒറ്റയ്ക്ക് ഒരു യുദ്ധം വിജയിക്കാനാവില്ല. സ്ഥാനാർത്ഥിയായപ്പോൾ തന്നെ പാർട്ടിയിൽ ഞാൻ ഒറ്റപ്പെട്ടു. എന്നെ സ്ഥാനാർത്ഥിയാക്കിയതിൽ പല പാർട്ടിസഖാക്കൾക്കും അതൃപ്തിയുണ്ടെന്ന് പിന്നീടാണ് മനസിലായത്. ഈ സീറ്റ് CPI ഏറ്റെടുത്തതിൽ CPM അംഗങ്ങൾക്കും നല്ല അമർഷമുണ്ട്. ആകെ ആശ്വാസമായത് സ. സുധീർ ഖാൻ, സ. രജിത്, സ. രാജേന്ദ്രൻ, സ. ഷാജി ( ഊരൂട്ടമ്പലം ബ്രാഞ്ച് സെക്രട്ടറി) എന്നിവരുടെ ഇടപെടലുകൾ മാത്രമാണ്. CPM , DYFI എന്നിവയുടെ സഹകരണം ലഭിക്കില്ല എന്ന് ഏറെക്കുറെ വ്യക്തമായി.
എല്ലാവരും കൂട്ടായി കഠിനമായി പരിശ്രമിച്ചാൽ പോലും ജാതീയമായ ധ്രൂവീകരണമുണ്ടായാൽ വിജയം അസാധ്യമാകും. നാളെ നോമിനേഷൻ നൽകാനിരിക്കെ ഇന്ന് ഇത് പറയുന്നത് പാർട്ടിയോട് കാട്ടുന്ന ചതിയാണെന്നറിയാം. എങ്കിലും ഇനിയും വൈകിയിട്ടില്ല എന്നതു കൊണ്ടാണ് ഇപ്പോൾ തന്നെ അറിയിക്കുന്നത്. ഞാൻ മത്സരരംഗത്തുനിന്ന് പിൻമാറുന്നു. സ. രാജേന്ദ്രൻ, സ. സന്തോഷ്, സ. മധു, സ. ഷിബു തുടങ്ങി ധാരാളം നല്ല സഖാക്കൾ പാർട്ടിയിലുണ്ട്. ഇവരിലാർക്കെങ്കിലും അവസരം നൽകി പാർട്ടി സജീവമായി രംഗത്തിറങ്ങണമെന്നഭ്യർത്ഥിക്കുന്നു. കേട്ടറിവുകളും ഈ ദിവസങ്ങളിലെ അനുഭവങ്ങളും എന്നെ വല്ലാത്ത സമ്മർദ്ദത്തിലാക്കുന്നു. ഇനിയും ഇങ്ങനെ മുന്നോട്ടു പോകാനാവില്ല എന്നത് സത്യമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയം - അത് തികച്ചും വേറിട്ടതാണ്. എന്നെപ്പോലൊരാൾക്ക് അത് ഉൾക്കൊള്ളാൻ കഴിയില്ല. ആരോടും പരിഭവമില്ല. എല്ലാവരോടും സ്നേഹം മാത്രം. ഈ അവസരത്തിൽ ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നതിൽ ഖേദിക്കുന്നു. മാപ്പ്.