തദ്ദേശ തെരഞ്ഞെടുപ്പ്: വിജയപ്രതീക്ഷയെന്ന് എൽഡിഎഫ്, നേട്ടമുണ്ടാക്കുമെന്ന് ബിജെപി, തൂത്തുവാരുമെന്ന് കോൺഗ്രസ്

By Web TeamFirst Published Nov 6, 2020, 4:38 PM IST
Highlights

സംസ്ഥാനം യുഡിഎഫ്  തൂത്തുവാരുമെന്ന് പറഞ്ഞ രമേശ് ചെന്നിത്തല, യുഡിഎഫ് അനുകൂല രാഷ്ട്രീയ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്നും പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയപ്രതീക്ഷ പങ്കുവെച്ച് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. യുഡിഎഫ് തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ വലിയ നേട്ടമുണ്ടാക്കുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത് വലിയ വിജയപ്രതീക്ഷയാണ് ഉള്ളതെന്നും വിവാദങ്ങൾ ജനം നിരാകരിക്കുമെന്നും വിജയരാഘവൻ പ്രതികരിച്ചു. സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും. മുന്നണി വിപുലീകരണത്തിന് ശേഷമുള്ള തെരഞ്ഞെടുപ്പാണ്. വലിയ നേട്ടമുണ്ടാക്കും. ബിജെപിക്ക് നിലവിലുള്ള സീറ്റുകൾ ലഭിക്കില്ല. യുഡിഎഫിന്റെ ജമ അത്തെ ഇസ്ലാമി കൂട്ടുകെട്ട് ജനം തിരിച്ചറിയും. യുഡിഎഫിന്റേത് അവസരവാദ സഖ്യമാണ്. അവർ ബിജെപിയുമായും സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനം യുഡിഎഫ്  തൂത്തുവാരുമെന്ന് പറഞ്ഞ രമേശ് ചെന്നിത്തല, യുഡിഎഫ് അനുകൂല രാഷ്ട്രീയ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്നും പറഞ്ഞു. ഓരോ ദിവസം കഴിയും തോറും സംസ്ഥാനത്തെ ഇടത് സർക്കാർ കൂടുതൽ കൂടുതൽ വഷളാവുന്ന കാഴ്ചയാണ്. കൊള്ളയും കൊള്ളിവെയ്പും നടത്തുന്ന സർക്കാരാണ് കേരളത്തിലേത്. അധോലോക പ്രവർത്തനത്തിന് നേതൃത്വം വഹിക്കുന്ന സർക്കാരാണ്. പാർട്ടി സെക്രട്ടറിയുടെ നെഞ്ചിടിപ്പ് ഏറുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ബിജെപിയെ അപേക്ഷിച്ച് കേരളത്തിൽ ഏറ്റവും അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. യുഡിഎഫും എൽഡിഎഫും ഒരുപോലെയാണ്. ഏറ്റവും നേട്ടമുണ്ടാക്കാൻ പോകുന്നത് ബിജെപിയാണ്. എല്ലാ തയാറെടുപ്പുകളും പൂർത്തിയായി. സ്വർണക്കടത്ത് അടക്കമുള്ള വിവാദങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. എൻഡിഎ ഇത്തവണ വൻ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

click me!