
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നതിനുള്ള പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി എൽസി ജോർജ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല. സമാന സ്വഭാവമുള്ള ഹർജികൾ ഇന്നലെ തള്ളിയതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പത്രിക സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ കുറിച്ച് സ്ഥാനാർത്ഥിക്ക് ധാരണ ഉണ്ടായിരിക്കേണ്ടതല്ലേയെന്നും ചോദിച്ചു. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും അഭിഭാഷകയുമായ എൽസി ജോർജ് കടമക്കുടി ഡിവിഷനിൽ നിന്ന് മത്സരിക്കാനാണ് പത്രിക സമർപ്പിച്ചത്.
സ്ഥാനാർത്ഥിക്ക് ആവശ്യമെങ്കിൽ ഇലക്ഷൻ ട്രിബ്യൂണലിനെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ ഹർജി ഹൈക്കോടതിക്ക് പരിഗണിക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിൽ പറഞ്ഞു. നോമിനേഷൻ സ്വീകരിക്കുന്നത് അടക്കം നടപടികൾ പൂർത്തിയായി കഴിഞ്ഞു. ഇലക്ഷൻ നടപടികൾ തുടങ്ങിയ സ്ഥിതിക്ക് ഇടപെടാൻ ആകില്ലെന്നും സിംഗിൾ ബെഞ്ച് വിശദീകരിച്ചു.
എൽസിയെ നിര്‍ദേശിച്ച് പത്രികയിൽ ഒപ്പിട്ടത് ഡിവിഷന് പുറത്തുള്ള വോട്ടറാണ്. ഇവര്‍ നൽകിയ മൂന്ന് സെറ്റ് പത്രികകളിലും ഡിവിഷന് പുറത്ത് നിന്നുള്ളവരാണ് പത്രികകളിൽ ഒപ്പിട്ടത്. ഇതാണ് പത്രികകൾ തള്ളാനുള്ള കാരണം. ഇവിടെ എൽസി ജോർജിൻ്റെ പത്രിക തള്ളുമെന്ന് കോൺഗ്രസ് നേതൃത്വം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ തന്നെ ഡമ്മി പത്രികയും നൽകിയിരുന്നില്ല. ഫലത്തിൽ കടമക്കുടി ഡിവിഷനിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലായി.
ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന് സ്ഥാനാർത്ഥി എൽസി ജോർജ് കുറ്റപ്പെടുത്തിയിരുന്നു. പത്രികയിൽ പിഴവുകളില്ലെന്നായിരുന്നു പ്രാഥമിക പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥർ പറഞ്ഞത്. പത്രിക സമർപ്പിച്ച ശേഷമാണ് ഡിവിഷന് പുറത്ത് നിന്നുള്ളവരാണ് ഒപ്പിട്ടതെന്ന് വ്യക്തമായതെന്നും പുതിയ പത്രിക കളക്ടറുടെ ചേംബറിൽ എത്തിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സ്വീകരിച്ചില്ലെന്നുമാണ് എൽസിയുടെ വാദം. ഹൈക്കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ എൽസി ജോർജ് ഇനി ഇലക്ഷൻ ട്രിബ്യൂണലിനെ സമീപിച്ചേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam