തദ്ദേശതെരഞ്ഞെടുപ്പ്: മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്, പോളിംഗ് ഏഴ് മണിക്ക് തുടങ്ങും

Published : Dec 14, 2020, 06:24 AM ISTUpdated : Dec 14, 2020, 06:26 AM IST
തദ്ദേശതെരഞ്ഞെടുപ്പ്: മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്, പോളിംഗ് ഏഴ് മണിക്ക് തുടങ്ങും

Synopsis

ഏറ്റവും കൂടുതൽ പ്രശ്നബാധിതബൂത്തുകളുള്ള മേഖലയാണ് ഇന്ന് പോളിംഗിലേക്ക് പോകുന്നത്. കണ്ണൂരിൽ മാത്രം 785 പ്രശ്നബാധിതബൂത്തുകളുണ്ട്. അതിനാൽത്തന്നെ കനത്ത സുരക്ഷയാണ് ജില്ലയിൽ എമ്പാടും ഒരുക്കിയിട്ടുള്ളത്.

കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിൽ നാല് വടക്കൻ ജില്ലകൾ ഇന്ന് വിധിയെഴുതും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി 10,834 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ നാലിടത്തും 77 ശതമാനത്തിന് മുകളിലായിരുന്നു പോളിംഗ് ശതമാനം. ഇത് ഇത്തവണ മറികടക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏറ്റവും കൂടുതൽ പ്രശ്നബാധിതബൂത്തുകളുള്ള മേഖലയാണ് ഇന്ന് പോളിംഗിലേക്ക് പോകുന്നത്. കണ്ണൂരിൽ മാത്രം 785 പ്രശ്നബാധിതബൂത്തുകളുണ്ട്. അതിനാൽത്തന്നെ കനത്ത സുരക്ഷയാണ് ജില്ലയിൽ എമ്പാടും ഒരുക്കിയിട്ടുള്ളത്. 

കടുത്ത നിയന്ത്രണങ്ങൾ പലതും ലംഘിച്ചും കൊട്ടിക്കലാശം നടത്തിയ ശേഷം, പോളിംഗ് സാമഗ്രികളുടെ വിതരണത്തിലും കൊവിഡ് ചട്ടങ്ങൾ വടക്കൻ ജില്ലകളിൽ ലംഘിക്കപ്പെട്ടുവെന്ന് ആരോപണമുയർന്നതാണ്. നിശ്ശബ്ദപ്രചാരണദിനം വീടുവീടാന്തരം കയറിയിറങ്ങി വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു സ്ഥാനാർത്ഥികൾ. യുഡിഎഫും വെൽഫെയർ പാർട്ടിയും തമ്മിലുള്ള നീക്കുപോക്ക് തന്നെയാണ് പ്രാദേശികവിഷയങ്ങൾക്കൊപ്പം ഇത്തവണയും വടക്കൻ ജില്ലകളിൽ പ്രധാനചർച്ചാവിഷയം. 

കോഴിക്കോട്, കണ്ണൂർ ജില്ലാ പഞ്ചായത്തുകൾ എൽഡിഎഫിന് അനുകൂലമായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിധിയെഴുതിയത്. കാസർകോടും മലപ്പുറവും യുഡിഎഫ് ഭരിക്കുന്നു. കാലങ്ങളായി വിജയിച്ചുവന്ന കോഴിക്കോട് കോർപ്പറേഷൻ നിലനിർത്തുകയെന്നത് എൽഡിഎഫിനു വെല്ലുവിളി തന്നെയാണ്. കണ്ണൂർ കോർപ്പറേഷൻ നിലനിർത്തുക യുഡിഎഫിനും വെല്ലുവിളിയാകും. 

കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ 6 ഡിവിഷനുകളി‍ൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ലോക് താന്ത്രിക് ജനതാദൾ തിരിച്ചെത്തിയത് എൽഡിഎഫിനു ഗുണം ചെയ്യും. വെൽഫെയർ പാർട്ടി, ആർഎംപി പിന്തുണ യുഡിഎഫിന് തന്നെയാണ്. ഒരു പാർട്ടിയുമായും സഖ്യമില്ലെന്ന് ലീഗും, യുഡിഎഫ് കൺവീനർ എം എം ഹസ്സനും ഒഴികെയുള്ള യുഡിഎഫ് നേതാക്കൾ ആവർത്തിക്കുന്നുണ്ടെന്നും. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപാർട്ടിയായ വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടെന്ന് പല തവണ ലീഗ് ആവർത്തിച്ചിട്ടുള്ളതാണ്

മലപ്പുറത്ത് ഇത്തവണ യുഡിഎഫിൽ കൂടുതൽ ഐക്യമുണ്ട്. മികച്ച രീതിയിൽത്തന്നെ വിജയം ആവർത്തിക്കണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്. ജില്ലാ പഞ്ചായത്തിൽ പ്രകടനം മെച്ചപ്പെടുത്താൻ എൽഡിഎഫ് കച്ച കെട്ടിയിറങ്ങിയിട്ടുണ്ട്. ചില നഗരസഭകളിൽ എങ്കിലും നില മെച്ചപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നു. 

കണ്ണൂരിൽ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫും കോർപ്പറേഷനിൽ യുഡിഎഫും പ്രതീക്ഷയിൽത്തന്നെയാണ്. ആകെയുള്ള 11 ബ്ലോക്ക് പഞ്ചായത്തും 2015 ൽ എൽഡിഎഫ് നേടിയിരുന്നു. കാസർകോട് നഗരസഭയുടെ ഭരണം നിലനിർത്താൻ കഴിയുമെന്ന് തന്നെയാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. കാഞ്ഞങ്ങാട് പിടിച്ചെടുക്കാനാവുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. കാഞ്ഞങ്ങാടും നീലേശ്വരവും കൂടെ നിൽക്കുമെന്ന് എൽഡിഎഫ് പ്രതീക്ഷിക്കുന്നു. കമറുദ്ദീന്‍റെ അറസ്റ്റും പെരിയ കേസും പ്രാദേശികവിഷയങ്ങൾക്കൊപ്പം ജില്ലയിൽ സജീവ ചർച്ചാവിഷയം തന്നെയാണ് ഇപ്പോഴും. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനത്തിൽ സ്വിഫ്റ്റ് കാറിടിച്ച് അപകടം; കാറും ഡ്രൈവറും കസ്റ്റഡിയിൽ, മദ്യലഹരിയിൽ വാഹനമോടിച്ചതിന് കേസെടുക്കും
കോന്നിയിൽ 64കാരന് സൂര്യാഘാതമേറ്റു; മുഖത്തും കഴുത്തിലും കൈകളിലുമാണ് പൊള്ളൽ