
ഇടുക്കി: റിമാന്‍ഡില്‍ മരിച്ച രാജ്‍കുമാറിന്‍റെ കുടുംബം സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ ഭീഷണി നേരിടുന്നുവെന്ന ആരോപണം തള്ളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സജീവ് കുമാര്‍. സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തിയെന്നത് വ്യാജം. രാജ്കുമാറിന്‍റെ വീട്ടുകാര്‍ക്ക് പരാതിയുണ്ടെങ്കില്‍ ആ പരാതിക്കൊപ്പമാണ് സിപിഎം നില്‍ക്കുന്നത്. രാജ്‍കുമാറിന്‍റെ വീട്ടലെത്തി സംസാരിച്ചിരുന്നു. കുടുംബം ആഗ്രഹിക്കുന്നത് പോലെ കേസ് നടത്തുന്നതിന് വേണ്ട സഹായം സിപിഎം വാഗ്ദാനം ചെയ്തിരുന്നു. പാര്‍ട്ടിയുമായി ബന്ധമുള്ള കുടുംബമാണ് രാജ്‍കുമാറിന്‍റേത്. സിപിഎമ്മിനെതിരെ അവര്‍ ആരോപണം ഉന്നയിക്കില്ല. രാജ്‍കുമാറിന് ഒറ്റയ്ക്ക് ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്താനുള്ള ശേഷിയില്ല. തട്ടിപ്പിന് പിന്നിലുള്ള മുഴുവന്‍ ആളുകളെയും വെളിച്ചത്ത് കൊണ്ടുവരണം. രാജ്‍കുമാറിനെ കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സജീവ് കുമാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സിപിഎം നേതൃത്വത്തിന്‍റെ ഭീഷണിയുണ്ടെന്നാണ് കുടുംബം പറയുന്നത്. കേസിൽ ഇടപെടരുതെന്ന് ഭാര്യയോടും മകനോടും നേതാക്കൾ ആവശ്യപ്പെട്ടതായും കുടുംബം ആരോപിക്കുന്നു. രാജ്‍കുമാറിന്‍റെ മരണത്തിൽ ഇപ്പോഴുള്ള അന്വേഷണത്തിൽ വിശ്വാസമില്ല. കുറ്റക്കാരായ പൊലീസുകാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്താൽപ്പോരാ,ക്രിമിനൽ കേസെടുക്കണം. സസ്പെൻഷനിൽ നടപടി ഒതുക്കുന്നത് കണ്ണുകെട്ടലാണെന്നും രാജ്‍കുമാറിന്‍റെ അളിയൻ ആന്‍റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. രാജ്‍കുമാറിന്‍റെ മരണം വലിയ വിവാദമായതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും ഇതുവരെ പ്രത്യേകാന്വേഷണസംഘം രൂപീകരിച്ചിട്ടില്ല.അന്വേഷണസംഘം ഇന്നോ നാളെയോ രൂപീകരിക്കുമെന്നാണ് എറണാകുളം ക്രൈം ബ്രാഞ്ച് ഐ ജിയുടെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam