
കോഴിക്കോട്: നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമര കൂടാരഞ്ഞിയിൽ എത്തിയതായി സംശയം. ചെന്താമരയെ കണ്ടെന്ന് നാട്ടുകാർ പൊലീസിന് വിവരം നൽകി. മേഖലയിലെ സിസിടിവികൾ കേന്ദ്രീകരിച്ച് പൊലീസ് തിരച്ചിൽ വ്യാപിപ്പിച്ചു. ഇന്നലെ വൈകുന്നേരം കാക്കാടം പൊയിൽ ഭാഗത്ത് കണ്ടെന്നാണ് പറയുന്നത്. കാക്കാടംപൊയിൽ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുന്നത്. ഇതിന് പിന്നാലെ പാലക്കാട് പോത്തുണ്ടിയിൽ ചെന്താമരയെ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇവിടെയും പൊലീസ് തെരച്ചിൽ തുടങ്ങി.
ചെന്താമരയുടെ കൈയിൽ മൂന്ന് ഫോണുകളാണ് ഉണ്ടായിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചു. ഇതിൽ ഒരെണ്ണം പൊട്ടിച്ചുകളഞ്ഞെന്നും മറ്റൊന്ന് സുഹൃത്തിന് കൈമാറിയെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതിനിടെ തിരുവമ്പാടിയിലെ ക്വാറിയിൽ ചെന്താമര ജോലി ചെയ്തിരുന്നതായി സ്ഥിരീകരിച്ച പൊലീസ് ഇവിടെ ഒപ്പം ജോലി ചെയ്ത സുഹൃത്തിനെ ചോദ്യം ചെയ്യുന്നുണ്ട്. ഇയാളെ ഒരാഴ്ച മുൻപ് വിളിച്ച് ഉടൻ തിരുവമ്പാടിയിലേക്ക് വരുമെന്ന് പറഞ്ഞിരുന്നതായി സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്. പ്രതി സംസ്ഥാനത്തിന് പുറത്തേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ബെംഗളൂരുവിൽ ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.
തിരുവമ്പാടിയിലെ ക്വാറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ചെന്താമര. കഴിഞ്ഞ പൊങ്കൽ അവധിക്ക് അസുഖ ബാധിതനെന്ന കാരണം പറഞ്ഞ് ഇവിടുത്തെ ജോലി മതിയാക്കി പ്രതി നെന്മാറയിലേക്ക് വരുകയായിരുന്നു. താൻ കൊലക്കേസ് പ്രതിയാണെന്ന കാര്യം ഇയാൾ ഇവിടെയുള്ള മണികണ്ഠനെന്ന സുഹൃത്തിനോട് മാത്രമാണ് പറഞ്ഞത്. ഇയാൾക്കാണ് ജോലി മതിയാക്കി പോകുമ്പോൾ കൈയ്യിലുണ്ടായിരുന്ന ഒരു മോട്ടോറോള ഫോൺ ചെന്താമര നൽകിയത്. തന്നെ ജീവിക്കാൻ അനുവദിക്കാത്തവരെ കൊലപ്പെടുത്തുമെന്ന് ഇയാളോട് ചെന്താമറ പറഞ്ഞിരുന്നതായും പൊലീസ് പറയുന്നു. ഈ സുഹൃത്ത് മണികണ്ഠനാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam