ടൈപ്പ് വൺ പ്രമേഹ മരുന്നുകൾ വീട്ടിലെത്തിക്കും; കുട്ടികളുടെ ദുരിതത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി

By Web TeamFirst Published Apr 3, 2020, 9:37 AM IST
Highlights

കേരളത്തിലെ മൂവായിരത്തോളം വരുന്ന ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് ഇനി ലോക്ക് ഡൗൺ മൂലം ചികിത്സ മുടങ്ങുമെന്ന ആശങ്ക വേണ്ട. മരുന്നുകൾ കുട്ടികളുടെ അടുത്തെത്തും.

കോഴിക്കോട്: ടൈപ്പ് വൺ പ്രമേഹ മരുന്നുകൾ കുട്ടികളിലേക്ക് നേരിട്ടെത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ജില്ലാ ആശുപത്രികൾ വഴിയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴിയും മരുന്നുകൾ വിതരണം ചെയ്യും. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കുട്ടികൾക്ക് പ്രമേഹ മരുന്ന് മുടങ്ങിയതു സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിനെത്തുടര്‍ന്നാണ് നടപടി.

കേരളത്തിലെ മൂവായിരത്തോളം വരുന്ന ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് ഇനി ലോക്ക് ഡൗൺ മൂലം ചികിത്സ മുടങ്ങുമെന്ന ആശങ്ക വേണ്ട. മരുന്നുകൾ കുട്ടികളുടെ അടുത്തെത്തും. തൃശൂര്‍, പാലക്കാട് ജില്ലകളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴിയും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കുട്ടികള്‍ക്ക് പരിയാരം മെഡിക്കല്‍ കോളേജ് മുഖേനെയും മരുന്നുകൾ വിരണം ചെയ്യും. മലപ്പുറം ജില്ലയിലെ കുട്ടികള്‍ക്കുള്ള മരുന്നുകൾ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിൽ എത്തിക്കും.

മറ്റ് ജില്ലകളില്‍ ആരോഗ്യ പ്രവർത്തകർ ചേർന്ന് കുട്ടികള്‍ക്ക് മരുന്നുകൾ വിതരണം ചെയ്യും. നിലവില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നീ മെഡിക്കൽ കോളേജുകൾ വഴിയായിരുന്നു മരുന്നുകൾ വിതരണം ചെയ്തത്. യാത്രാ സൗകര്യങ്ങൾ നിലച്ചതോടെ കുട്ടികൾക്ക് പ്രമേഹ മരുന്ന് മുടങ്ങിയത് ഏഷ്യാനെറ്റ് ന്യൂസിൽ വാർത്തയായതോടെയാണ് ആരോഗ്യമന്ത്രിയുടെ ഇടപെടൽ.

click me!