തോറ്റത് 6 എംപിമാരും 5 എംഎല്‍എമാരും; ഇടതുപക്ഷത്തിന് ഇങ്ങനെയൊരു തിരിച്ചടി ആദ്യം

By Web TeamFirst Published May 24, 2019, 8:48 AM IST
Highlights

പികെ ശ്രീമതി, പികെ ബിജു, എ സമ്പത്ത്, ഇന്നസെന്‍റ് , എം ബി രാജേഷ്, ജോയ്സ് ജോര്‍ജ്ജ് എന്നിവരാണ് പരാജയപ്പെട്ട സിറ്റിംഗ് എംപിമാര്‍. അതില്‍ തന്നെ മിക്കവരും മികച്ച പാര്‍ലിമെന്‍റേറിയന്‍ എന്ന് പേര് കേട്ടവര്‍. 

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പ് ഫലം ഉയര്‍ത്തിയ ഏറ്റവും വലിയ ചോദ്യം ഇടതുപക്ഷത്തിനെന്ത് സംഭവിച്ചു എന്നതാണ്. നേരിയ ഭൂരിപക്ഷത്തിന് എഎം ആരിഫ് (10474) ആലപ്പുഴയില്‍ ജയിച്ചുവെന്നതൊഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയെല്ലാ മണ്ഡലങ്ങളിലും കനത്ത  പരാജയമാണ്  സിപിഎം നേരിട്ടത്. ആറ് സിറ്റിംഗ് എംപിമാര്‍ തോറ്റു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷത്തിനാണ് മിക്ക മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. 

ഇടതുപക്ഷത്തില്‍ തോറ്റവരുടെ കൂട്ടത്തില്‍ ആറ് എം പിമാരും അഞ്ച് എം എല്‍ എമാരുമാണുള്ളത്. മികച്ച ഭൂരിപക്ഷത്തോടെ തന്നെ വിജയിക്കുമെന്ന് എല്‍ഡിഎഫ്  ആത്മവിശ്വാസത്തോടെ കണ്ട പലയിടങ്ങളിലും ഇവര്‍ ദയനീയമായ തോല്‍വികളേറ്റു വാങ്ങി.

പി കെ ശ്രീമതി, പികെ ബിജു, എ സമ്പത്ത്, ഇന്നസെന്‍റ് , എം ബി രാജേഷ്, ജോയ്സ് ജോര്‍ജ്ജ് എന്നിവരാണ് വീണ്ടും പോരാട്ടത്തിനിറങ്ങിയത്. അതില്‍ തന്നെ മിക്കവരും മികച്ച പാര്‍ലിമെന്‍റേറിയന്‍ എന്ന് പേര് കേട്ടവര്‍. ഈ മണ്ഡലങ്ങളിലെല്ലാം എതിര്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് വന്‍ ഭൂരിപക്ഷത്തിലാണ് എന്നതും പരാജയത്തിന്‍റെ ആക്കം കൂട്ടി. 

കണ്ണൂരിലെ എം പിയായ പി കെ ശ്രീമതി, കെ. സുധാകരനോട് തോറ്റത് 94559 വോട്ടിനാണ്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് സമ്പത്തിനെതിരെ നേടിയത് 38247 വോട്ടുകളുടെ ഭൂരിപക്ഷമാണ്. പാലക്കാട് വി കെ ശ്രീകണ്ഠന്‍, എം. ബി രാജേഷിനെ തോല്‍പ്പിച്ചത് 11637 വോട്ടുകള്‍ക്കാണ്. ചാലക്കുടിയില്‍ ബെന്നി ബഹനാന്‍ ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം നേടി. തുടക്കം മുതലേ ശ്രദ്ധാകേന്ദ്രമായിരുന്ന ആലത്തൂരില്‍ കോണ്‍ഗ്രസിന്‍റെ രമ്യ ഹരിദാസ് വിജയിച്ചത് 158968 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ്. മികച്ച പ്രവര്‍ത്തകന്‍ എന്ന് പേര് കേട്ടിട്ടും പി കെ ബിജു ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് തോറ്റത്. 

വീണ ജോര്‍ജ്ജ്, പ്രദീപ് കുമാര്‍, പി വി അന്‍വര്‍, ചിറ്റയം ഗോപകുമാര്‍, സിപിഐയുടെ സി ദാവകരന്‍ എന്നീ അഞ്ച് എംഎല്‍എമാരും പരാജയം ഏറ്റുവാങ്ങി. കോഴിക്കോട് എന്തുതന്നെയായാലും ജയം ഉറപ്പിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു എ പ്രദീപ് കുമാര്‍, മികച്ച പ്രവര്‍ത്തനവും, വലത് സ്ഥാനാര്‍ത്ഥി എം കെ രാഘവന് നേരെയുണ്ടായ വിവാദവുമെല്ലാം മികച്ച ഭൂരിപക്ഷത്തില്‍ പ്രദീപ് കുമാറിനെ വിജയിപ്പിക്കുമെന്ന കണക്കൂകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് 85225 വോട്ടുകള്‍ക്ക് രാഘവന്‍ വിജയിച്ചത് ഇടതിന് അടിയായി. വീണ ജോര്‍ജ്ജ്, പിവി അന്‍വര്‍, ചിറ്റയം ഗോപകുമാര്‍ എന്നിവരും വിജയിക്കുമെന്ന് തന്നെയായിരുന്നു കണക്കൂകൂട്ടലെങ്കിലും അതും തെറ്റി. 

കേരളത്തില്‍ വെറും ഒരു മണ്ഡലത്തില്‍ മാത്രം സി പി എം സീറ്റ് നേടുമ്പോള്‍ വരും കാലങ്ങളില്‍ ചര്‍ച്ചയാവുന്നത് ഇടതിന് എന്ത് സംഭവിച്ചു എന്നും പ്രവര്‍ത്തനങ്ങളിലെ പരാജയങ്ങളെന്തൊക്കെയായിരുന്നുവെന്നതും തന്നെയായിരിക്കും. 

click me!