
രാഷ്ട്രീയത്തിലേക്ക് കടന്നുവന്നപ്പോൾ 'പപ്പു' എന്ന് വിളിച്ച് പരിഹസിച്ചവർക്ക് മുൻപിലൂടെ വയനാടും റായ്ബറേലിയും പിടിച്ചടക്കി ലോകസഭയിലേക്ക് നടന്നു കയറുകയാണ് രാഹുൽഗാന്ധി. കഴിഞ്ഞ തവണ അമേഠിയിൽ പരാജയം രുചിച്ച രാഹുൽ ഇത്തവണ മത്സരിച്ച രണ്ട് മണ്ഡങ്ങളിലും വമ്പൻ ഭൂരിപക്ഷമാണ് നേടിയത്. മോദി വരാണസിയിൽ നേടിയ ഭൂരിപക്ഷത്തിന്‍റെ ഇരട്ടിയോളമാണ് രാഹുൽഗാന്ധി വയനാട്ടിലും റായ്ബറേലിയും സ്വന്തമാക്കിയത് എന്നത് ദേശീയ ശ്രദ്ധനേടി. മോദിക്ക് വരാണസിയിൽ ഒന്നര ലക്ഷത്തിന്‍റെ ഭൂരിപക്ഷം മാത്രമാണ് നേടാനായത്. എന്നാൽ, മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നര ലക്ഷം കടന്നു.
2024 ലോകസഭാ തെരഞ്ഞെടുപ്പിന്‍റെ ഏറ്റവും അവസാന ഫലങ്ങൾ പുറത്തുവരുമ്പോൾ ലീഡ് നില ഇങ്ങനെയാണ്, വയനാട്ടില്‍ രാഹുൽ ഗാന്ധിക്ക് 6,47,445 വോട്ട് ലഭിച്ചു. 3,64,422 വോട്ടിന്‍റെ ലീഡും. എൽഡിഎഫ് സ്ഥാനാർഥി ആനി രാജ 2,83,023 വോട്ട് നേടി. ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ 1,41,045 വോട്ടോടെ മൂന്നാം സ്ഥാനത്താണ്. അതേസമയം, 7,000 വോട്ടുകള്‍ നോട്ടയ്ക്ക് ലഭിച്ചു. ഇന്ത്യയുടെ ജനഹൃദയങ്ങള്‍ തേടി ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധി നടത്തിയ ജോഡോ യാത്രയിലൂടെ അദ്ദേഹം തന്‍റെ രാഷ്ട്രീയ കരുത്ത് തെളിയിച്ചിരിക്കുന്നുവെന്നതിന്‍റെ പ്രതിഫലനമാണ് 2024 ലെ 'ഇന്ത്യാ മുന്നണി' വിജയം.
ഏറ്റവും പ്രായം കുറഞ്ഞ ലോക്സഭാ മണ്ഡലമാണെങ്കിലും ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ യുഡിഎഫിന്‍റെ ഉറച്ച കോട്ടയെന്ന വിശേഷണം സ്വന്തമാക്കിയ വയനാട്ടിൽ മത്സരിച്ചപ്പോൾ രാഹുലിന് വമ്പൻ ഭൂരിപക്ഷമാണ് നേടാനായത്. അതേസമയം ഇത്തവണ ഗാന്ധി കുടുംബത്തിന്‍റെ കുടുംബ മണ്ഡലം എന്ന വിശേഷണമുള്ള റായ്ബറേലിയും രാഹുലിനെ നിരാശനാക്കിയില്ല.
നിലവിൽ മൂന്നാം സ്ഥാനത്ത് ആണെങ്കിലും 2019 -ലെ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന തുഷാർ വെള്ളാപ്പള്ളി നേടിയതിനേക്കാൾ വോട്ട് ഉയർത്താൻ ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന് സാധിച്ചു. 2019 ല്‍ തുഷാർ വെള്ളാപ്പള്ളി നേടിയതിനെക്കാള്‍ 62,229 വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ കെ സുരേന്ദ്രന് കഴിഞ്ഞു. അതേസമയം 2019 -ലെ സിപിഐ സ്ഥാനാർത്ഥിയുടെ വോട്ടിനേക്കാൾ പിന്നിലാണ് സിപിഐ ദേശീയ നേതാവ് കൂടിയായ ആനി രാജ.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രദേശങ്ങളും വയനാട് ജില്ല പൂർണമായും ഉൾപ്പെടുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ എന്നിങ്ങനെ ഏഴ് നിയമസഭാ മണ്ഡലങ്ങൾ വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉൾപ്പെടുന്നു.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, കോൺഗ്രസ് സ്ഥാനാർഥി എംഐ ഷാനവാസാണ് വയനാട്ടിൽ ജയിച്ചത്. 20,870 വോട്ടുകളുടെ ഭൂരിപക്ഷം ആയിരുന്നു ഷാനവാസിന് അന്ന് ഉണ്ടായിരുന്നത്. 3,77,035 വോട്ടുകൾ നേടിയായിരുന്നു വിജയം. വയനാട് മണ്ഡലം രൂപംകൊണ്ട് ആദ്യ തെരഞ്ഞെടുപ്പിലും കോൺഗ്രസ് സ്ഥാനാർത്ഥി എം ഐ ഷാനവാസിനായിരുന്നു വിജയം. റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു അന്നത്തെ വിജയം, 1,53,439 വോട്ടിന്‍റെ വമ്പൻ ഭൂരിപക്ഷം. അന്ന് എന്‍സിപി സ്ഥാനാര്‍ഥിയായെത്തിയ മുന്‍ കെപിസിസി പ്രസിഡന്‍റ് കെ. മുരളീധരന് 99,663 വോട്ടുകൾ മാത്രമായിരുന്നു ലഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam