കെ സുരേന്ദ്രന്‍ തോറ്റയിടത്ത് അനില്‍ ആന്‍റണിയുടെ കന്നി അങ്കം; പത്തനംതിട്ടയിൽ ത്രികോണ മത്സരം ആവർത്തിക്കുമോ?

Published : Mar 13, 2024, 09:45 AM ISTUpdated : Mar 23, 2024, 07:46 AM IST
കെ സുരേന്ദ്രന്‍ തോറ്റയിടത്ത് അനില്‍ ആന്‍റണിയുടെ കന്നി അങ്കം; പത്തനംതിട്ടയിൽ ത്രികോണ മത്സരം ആവർത്തിക്കുമോ?

Synopsis

2019 അല്ല 2024, ഇത് പുതു പത്തനംതിട്ട; ഇക്കുറി മണ്ഡലത്തില്‍ ത്രികോണ മത്സരമോ? 

അടൂര്‍: 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും ശക്തമായി നോട്ടമിട്ട മണ്ഡലങ്ങളിലൊന്നായിരുന്നു പത്തനംതിട്ട. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രത്യേക സാഹചര്യത്തിലായിരുന്നു കഴിഞ്ഞ തവണ പത്തനംതിട്ടയിലെ ലോക്‌സഭ ഇലക്ഷന്‍. മാറിമറിഞ്ഞ സാഹചര്യങ്ങളില്‍ 2024ലേക്ക് വരുമ്പോള്‍ കഴിഞ്ഞ തവണത്തെയത്ര വീറും വാശിയും പത്തനംതിട്ടയിലുണ്ടോ? 

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും പത്തനംതിട്ടയിലെ തിരുവല്ലയും റാന്നിയും ആറന്‍മുളയും കോന്നിയും അടൂരും ഉള്‍പ്പെടുന്നതാണ് പത്തനംതിട്ട ലോക്‌സഭ മണ്ഡലം. 2009 മുതല്‍ മൂന്നുവട്ടം ഇവിടെ നിന്ന് ജയിച്ച് പാര്‍ലമെന്‍റിലെത്തിയ കോണ്‍ഗ്രസിന്‍റെ ആന്‍റോ ആന്‍റണിയാണ് നിലവിലെ എംപി. 2019ല്‍ മണ്ഡലത്തിലെ സവിശേഷ സാമൂഹ്യസാഹചര്യങ്ങള്‍ ത്രികോണ മത്സരത്തിന്‍റെ പ്രതീതി പത്തനംതിട്ടയില്‍ സൃഷ്‌ടിച്ചിരുന്നു. യുഡിഎഫിനായി കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് എംപി ആന്‍റോ ആന്‍റണിയും എല്‍ഡിഎഫിനായി സിപിഎമ്മില്‍ നിന്ന് വീണ ജോര്‍ജും എന്‍ഡിഎയ്ക്കായി ബിജെപിയുടെ കെ സുരേന്ദ്രനുമാണ് 2019ല്‍ ഏറ്റുമുട്ടിയത്. 44,243 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആന്‍റോ ആന്‍റണി ഹാട്രിക് വിജയം നേടിയപ്പോള്‍ മൂന്ന് സ്ഥാനാര്‍ഥികളും ശക്തമായി പോരാടി. ആകെ പോള്‍ ചെയ്ത 10,27,378 വോട്ടുകളില്‍ ആന്‍റോ ആന്‍റണിക്ക് 380,927 ഉം, വീണ ജോര്‍ജിന് 3,36,684 ഉം, കെ സുരേന്ദ്രന് 2,97,396 ഉം വോട്ടുകളും ലഭിച്ചു. 74.30 ആയിരുന്നു മണ്ഡലത്തിലെ വോട്ടിംഗ് ശതമാനം. 

എന്നാല്‍ 2019ലെ സവിശേഷ സാമൂഹ്യസാഹചര്യമല്ല പത്തനംതിട്ട മണ്ഡലത്തില്‍ നിലവിലുള്ളത്. അതിനാല്‍തന്നെ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോരാട്ടച്ചൂടിലും വ്യത്യാസമുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണി പത്തനംതിട്ടയില്‍ നിന്ന് തുടര്‍ച്ചയായ നാലാം എംപി സ്ഥാനം ലക്ഷ്യമിട്ട് പോരിനിറങ്ങുമ്പോള്‍ മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്കാണ് സിപിഎമ്മിനായി രംഗത്തിറങ്ങിയിരിക്കുന്നത്. മസാല ബോണ്ട് വിവാദങ്ങള്‍ ഒരുവശത്ത് തുടരുമ്പോഴും ദേശീയ രാഷ്ട്രീയത്തില്‍ അടവുപയറ്റാനുള്ള ശ്രമത്തിലാണ് ഐസക്ക്. കഴിഞ്ഞ വര്‍ഷം ബിജെപിയിലെത്തിയ അനില്‍ കെ ആന്‍റണിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. 2019ല്‍ കെ സുരേന്ദ്രന്‍ പിടിച്ച വോട്ടുകള്‍ മറികടക്കുകയാണ് അനില്‍ ആന്‍റണിയുടെ മുന്നിലുള്ള കനത്ത വെല്ലുവിളി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പി സി ജോര്‍ജിന് തുടക്കത്തിലുണ്ടായ അതൃപ്തി ഫലത്തെ സ്വാധീനിക്കുമോ എന്നത് കാത്തിരുന്നറിയാം. 

Read more: സാക്ഷാല്‍ സമ്പത്തിന് അടിതെറ്റിയ ആറ്റിങ്ങല്‍; 2019ലെ ട്വിസ്റ്റും 2024ലെ സസ്‌പെന്‍സും, പോളിംഗ് കുതിക്കും?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത് മൂന്ന് നാടൻ ബോംബുകൾ, അന്വേഷണം ആരംഭിച്ച് പൊലീസ്
വീണ്ടും സതീശന്‍-ശിവന്‍കുട്ടി പോര്; സതീശന് ബിജെപിയുമായി ഡീലെന്ന് ശിവന്‍കുട്ടി, 'നേമത്ത് ബിജെപിയെ കോണ്‍ഗ്രസ് സഹായിക്കും, പറവൂരില്‍ തിരിച്ചും'