'കരുവന്നൂർ ഇടത് കൊള്ളയുടെ ഉദാഹരണം'; കുന്നംകുളത്ത് എൽഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച് മോദി

Published : Apr 15, 2024, 11:50 AM ISTUpdated : Apr 15, 2024, 12:44 PM IST
'കരുവന്നൂർ ഇടത് കൊള്ളയുടെ ഉദാഹരണം'; കുന്നംകുളത്ത് എൽഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച് മോദി

Synopsis

കോൺഗ്രസിന്‍റെ വലിയ നേതാവ് യുപിയിലെ സ്വന്തം സീറ്റിൽ മത്സരിക്കാതെ കേരളത്തിലെത്തി ജയിക്കാൻ നിരോധിത സംഘടനയുമായി കൈകോർക്കുകയാണെന്നും മോദി ആരോപിച്ചു

തൃശൂര്‍: തൃപ്രയാര്‍ ദക്ഷിണ ഭാരതത്തിലെ അയോധ്യയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആലത്തൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കുന്നംകുളത്തെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. വടക്കുന്നാഥൻ, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഗുരുവായൂർ പുണ്യ ഭൂമികളെ നമിക്കുകയാണെന്ന് പറ‍ഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്.

പൊതുപരിപാടിക്ക് മുമ്പായി റോഡ് ഷോ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി നേരിട്ട് വേദിയിലേക്ക് എത്തുകയായിരുന്നു. പ്രസംഗത്തില്‍ മണപ്പുള്ളി വേല ,വിഷു എന്നിവയും മോദി പരാമര്‍ശിച്ചു. പുതുവര്‍ഷം  കേരളത്തിന് മാറ്റത്തിന്‍റേതാണെന്നും മോദി പറഞ്ഞു. വിഷുവിന്‍റെ പുണ്യ ദിനത്തിൽ ബിജെപി പ്രകടനപത്രിക പുറത്തിറക്കിയെന്നും മോദി പറഞ്ഞു. കേരളത്തില്‍ ആയുഷ്മാൻ പദ്ധതി 74 ലക്ഷം പേര്‍ക്ക് സാമ്പത്തിക സഹായം കിട്ടിയെന്നും മോദി പറഞ്ഞു. പ്രസംഗത്തിനിടെ മോദിയുടെ ഗ്യാരണ്ടികളും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു.

ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രെയിൻ 

ബിജെപി അടുത്ത അഞ്ച് വര്‍ഷം വികസത്തിനും പാരമ്പര്യത്തിനും പ്രധാന്യം നല്‍കുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. അടുത്ത 5 കൊല്ലത്തിനുള്ളിൽ കേരളത്തിന്‍റെ പാരമ്പര്യത്തെ അന്താരാഷ്ട തലത്തിൽ ബന്ധിപ്പിക്കും. വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ കൊണ്ടുവരും.  പുതിയ പാതകൾ കൊണ്ടുവന്ന് കേരളത്തിൽ വലിയ വികസനം എത്തിക്കും. രാജ്യത്ത് എക്സ്പ്രസ് വേകളും വിമാനത്താവളങ്ങളും ഉണ്ടാകുന്നു. ഉത്തരേന്ത്യയിൽ ബുള്ളറ്റ് ട്രയിൻ യാഥാര്‍ത്ഥ്യമാക്കി. ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രയിൻ കൊണ്ടുവരും. മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ബുള്ളറ്റ് ട്രെയിനിന്‍റെ സര്‍വേ ആരംഭിക്കും.


രാജ്യത്തിന്‍റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണിത്. നിങ്ങളുടെ , കുട്ടികളുടെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ്. കോൺഗ്രസ് ഭരണകാലത്ത് ലോകത്തിന് മുന്നിൽ ഭാരതം ദുർബല രാജ്യമായിരുന്നു. ഇന്ന് ലോകത്തിന് മുന്നിൽ ശക്തമായ രാജ്യം. യുദ്ധരംഗത്ത് പെട്ടു പോയവരെ മടക്കിക്കൊണ്ടുവരാൻ ശക്തിയുള്ള രാജ്യമാണിത്. കോവിഡ് വാക്സിൻ സ്വന്തമായി വികസിപ്പിച്ചെടുത്ത രാജ്യമാണിത്. പത്തു കൊല്ലം കണ്ടത് ട്രെയിലർ മാത്രമാണെന്നും ഇനിയാണ് കാണാനിരിക്കുന്നതെന്നും മോദി പറഞ്ഞു. ഇനിയാണ്  കാണാനിരിക്കുന്നത്.

എന്നെ അനുഗ്രഹിച്ചാൽ ഇവിടെ എല്ലാ വീടുകളിലും വെള്ളമെത്തിക്കും

എന്‍ഡിഎ  സർക്കാർ ഗുരുവിന്‍റെ ആദർശത്തിലുറച്ച് ജോലി ചെയ്യുന്നവരാണെന്നും ജൽ ജീവൻ മിഷന് കേരളത്തിൽ വേഗത പോരായെന്നും മോദി പറഞ്ഞു.
അഴിമതിക്കാണ് ഇവിടുത്തെ സർക്കാരിന് താത്പര്യം. രാജസ്ഥാനിൽ വെള്ളമില്ല. എന്നാൽ, ഇവിടെ അങ്ങനെയാണോ സ്ഥിതി? എന്നെ അനുഗ്രഹിച്ചാൽ ഇവിടെ എല്ലാ വീടുകളിലും വെള്ളമെത്തിക്കും. ഗരീബ് കല്യാൺ അന്നയോജനയിലൂടെ 1 കോടി അമ്പത് ലക്ഷം പേർക്ക് റേഷൻ നൽകുന്ന കേരളത്തിൽ അടുത്ത 5 കൊല്ലം റേഷൻ തുടരും. മത്സ്യ തൊഴിലാളി ക്ലസ്റ്റർ ഉണ്ടാക്കി അവരുടെ ജീവിതം മാറ്റിത്തീർക്കാനുള്ള ശ്രമത്തിലാണ് എന്‍ഡിഎ സർക്കാരെന്നും മോദി പറ‍്ഞു.

എല്‍ഡിഎഫും യുഡിഎഫും കേരളത്തെ പിന്നോട്ടടിക്കുന്നു

ബിജെപി ഭരണത്തില്‍ രാജ്യം വേഗത്തില്‍ മുന്നോട്ട് പോകുകയാണെന്നും എല്‍ഡിഎഫും യുഡിഎഫും കേരളത്തെ പിന്നോട്ടടിക്കുകയാണെന്നും എല്‍ഡിഎഫ്  കേന്ദ്ര പദ്ധതികള്‍ക്ക് തടസ്സം നില്‍ക്കുകയാണെന്നും മോദി പറഞ്ഞു. ഇവിടെ മാത്രമല്ല ബംഗാളിലും തൃപുരയിലും അങ്ങനെയായിരുന്നു. ഇടത് ഭരിച്ചാൽ ഇടതും വലതും ഒന്നുമുണ്ടാകില്ല.സമാധാന പ്രിയരായ കേരളത്തിൽ അക്രമം സർവ സാധാരണമായി. കുട്ടികൾ വരെ സുരക്ഷിതരല്ല. ക്യാമ്പസുകളിൽ അക്രമം പതിവായി.

കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ഇടത് കൊള്ളയുടെ ഉദാഹരണം

കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ഇടത് കൊള്ളയുടെ ഉദാഹരണമാണെന്ന് മോദി ആരോപിച്ചു. ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിച്ചു. കരുവന്നൂർ ഇടത് കൊള്ളയുടെ ഉദാഹരണം. പാവങ്ങൾ, മധ്യവർഗം അധ്യാനിച്ച പണം സിപിഎം കൊള്ള ചെയ്ത് കാലിയാക്കി. പെൺകുട്ടികളുടെ വിവാഹം മുടക്കി. ആയിരങ്ങളുടെ ജീവിതം കുഴപ്പത്തിലായി. പണമിട്ടാൽ പലിശ കിട്ടും അത്യാവശ്യത്തിനെടുക്കാം എന്ന് കരുതിയവരെയാണ് കബളിപ്പിച്ചത്. പലരും നിലവിളിച്ച് കൊണ്ട് സരസുവിനെ വിളിക്കുന്നുവെന്നാണ് കരുവന്നൂര്‍ കൊള്ളയില്‍ ആലത്തൂര്‍ സ്ഥാനാര്‍ത്ഥി തന്നോട് പറഞ്ഞത്.

സിപിഎം മുഖ്യമന്ത്രി മൂന്ന് വര്‍ഷമായി നുണ പറയുന്നു. പണം നൽകും കുറ്റക്കാരെ ശിക്ഷിക്കും എന്ന് നുണ പറയുകയാണ്. എന്നാൽ, മോദിയാണ് നടപടി എടുത്തത്. തട്ടിപ്പുകാരുടെ 90 കോടി ഇ ഡി കണ്ടുകെട്ടി. നിയമ നടപടി പൂർത്തിയാക്കി നഷ്ടപ്പെട്ടവർക്ക് വിട്ടു നൽകുന്നതെങ്ങനെ എന്ന് ചർച്ച ചെയ്യുകയാണിപ്പോള്‍. കരുവന്നൂരിൽ വഞ്ചിതരായവർക്ക് പണം തിരിച്ചു നൽകും. അതിന് ഏതറ്റം വരെയും പോകുമെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ വലിയ നേതാവ് യുപിയില്‍ മത്സരിക്കാതെ കേരളത്തിലെത്തി

കോൺഗ്രസിന്‍റെ വലിയ നേതാവ് യുപിയിലെ സ്വന്തം സീറ്റിൽ മത്സരിക്കാതെ കേരളത്തിലെത്തി. ജയിക്കാൻ നിരോധിത സംഘടനയുമായി കൈകോർക്കും. പക്ഷെ സഹകരണ കൊള്ളയെപ്പറ്റി മിണ്ടാട്ടമില്ല. എല്‍ഡിഎഫിനെയും യുഡിഎഫിനെയും സൂക്ഷിക്കണം ഇവിടെ രണ്ടു ചേരിയിലെന്ന് പറയുന്നവർ ദില്ലിയിൽ ഒരു പ്ലേറ്റിൽ കഴിക്കുന്നു. ഇന്ത്യ സഖ്യമുണ്ടാക്കിയത് മോദി ഇവരുടെ കൊള്ള തകർക്കുമെന്നറിയാവുന്നതിനാൽ മോദിയാണിവരുടെ ശത്രു.  ഞാൻ പാവങ്ങളെ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകുകയാണെന്നും മോദി പറഞ്ഞു.

സുരേഷ് ഗോപി ഉള്‍പ്പെടെ നാല് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു. പത്മജ വേണുഗോപാല്‍, നടൻ ദേവൻ തുടങ്ങിയവരും സംബന്ധിച്ചു.രാഹുൽ വന്നതിനേക്കാൾ കൂടുതൽ വയനാട്ടിൽ കാട്ടാന ഇറങ്ങിയെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. പിണറായി പറയുമ്പോൾ കോൺഗ്രസ് സമരം നിർത്തിയില്ലെങ്കിൽ ഫയലു പൊന്തും. ആദ്യത്തെ താമര വിരിയുന്നത് തൃശൂരിലായിരിക്കുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.ഏറ്റവും ശുദ്ധനായ മനുഷ്യനാണ് സുരേഷ് ഗോപിയെന്നും. ചാണകം പൂജ്യമായ വസ്തു. വിമർശിക്കുന്നവരുടെ മാതാപിതാക്കൾ ചാണകത്തിൽ കിടന്നിട്ടില്ലെയന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തെ പരിപാടിക്കുശേഷം ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലേക്കാണ് നരേന്ദ്ര മോദി പോകുന്നത്. ജനുവരി മുതൽ ഇത് ഏഴാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിക്ക് ഇന്ന് തമിഴ്നാട്ടിലും പൊതുയോഗമുണ്ട്. കേരളത്തിലെ പരിപാടികൾ പൂർത്തിയാക്കി തമിഴ്നാട്ടിൽ എത്തുന്ന നരേന്ദ്ര മോദി, വൈകീട്ട് 4:15ന് തിരുനെൽവേലിയിൽ ബിജെപി പൊതുയോഗത്തിൽ പ്രസംഗിക്കും.

സംസ്ഥാനത്ത് ബിജെപിക്ക് ഏറ്റവും കൂടുതൽ ജയസാധ്യത കൽപ്പിക്കപ്പെടുന്ന മണ്ഡലമായ തിരുന്നേൽവേലിയിൽ, പാർട്ടിയുടെ നിയമസഭ കക്ഷി നേതാവ് നൈനാർ നാഗേന്ദ്രൻ ആണ് സ്ഥാനാർഥി. കഴിഞ്ഞയാഴ്ച നൈനാറുടെ ജീവനക്കാർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഫ്ലൈയിങ് സ്‌ക്വാഡ് 4 കോടി രൂപ പിടിച്ചത് വിവാദമായിരുന്നു. ഈ വർഷം എട്ടാം തവണയാണ് മോദി തമിഴ്നാട് സന്ദർശിക്കുന്നത്. മോദിക്ക് നാളെയും തമിഴ്നാട്ടിൽ പരിപാടികൾ ഉണ്ട്. ഈ മാസം 19നാണ് തമിഴ്നാട്ടിൽ വോട്ടിംഗ്.

സുല്‍ത്താൻ ബത്തേരിയിൽ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ, ഹെലികോപ്ടറില്‍ ഫ്ലയിങ് സ്ക്വാഡ് പരിശോധന

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ച ഒറ്റവോട്ടിൽ അവകാശവാദം; പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതിന് പുറത്താക്കിയെന്ന് സിപിഎം ബ്രാഞ്ചംഗം
മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസെടുത്ത് പൊലീസ്