
ദില്ലി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കുമെന്ന സൂചന നല്‍കി എഐസിസി നേതൃത്വം. രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് ഇന്ത്യ സഖ്യത്തിന് തടസമാകില്ലെന്നും, കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ തമ്മിലാണ് പോരാട്ടമെന്നും എഐസിസി വക്താവ് ജയറാം രമേശ് വ്യക്തമാക്കി. അതേസമയം, രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ രംഗത്തെത്തി. വയനാട് ആരുടെയും കുത്തക മണ്ഡലമല്ലെന്നും ,ഇടത് പക്ഷത്തിനെതിരായ രാഹുലിന്‍റെ മത്സരം കഴിഞ്ഞ തവണ തന്നെ ചോദ്യം ചെയ്യപ്പെടണമായിരുന്നുവെന്നും ആനി രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജയറാം രമേശിന്‍റെ പ്രതികരണത്തോടെ വയനാട്ടില്‍ ഇക്കുറിയും രാഹുല്‍ ഗാന്ധി തന്നെയെന്ന് സൂചനയാണ് എഐസിസി നേതൃത്വം നല്‍കുന്നത്. ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായി നിന്ന് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് വിമര്‍ശന വിധേയമാകുമ്പോള്‍ അതിന് മറുപടി നല്‍കുന്നതിലൂടെ വയനാട്ടിലേക്ക് ആരെന്നും നേതൃത്വം വ്യക്തമാക്കുന്നു. ഇടത് പക്ഷം ഇന്ത്യ സഖ്യത്തിലുള്ളത് മത്സരത്തിന് തടസമാവില്ലെന്ന് എഐസിസി വക്താവ് ജയറാം രമേശ് മാധ്യമങ്ങളെ അറിയിച്ചു. കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ തമ്മിലാണ് പോരാട്ടം. ആ മത്സരത്തിന്‍റെ ഭാഗമാകുന്നത് ഇപ്പോഴത്തെ നിലപാടുകള്‍ക്ക് എതിരല്ലെന്നും ജയറാം രമേശ് വിശദീകരിച്ചു. എന്നാല്‍, കോണ്‍ഗ്രസിന്‍റെ നിലപാട് സിപിഐയെ ചൊടിപ്പിച്ചു. കോണ്‍ഗ്രസിന്‍റെ വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമുണ്ടാകണമെന്ന് വയനാട്ടിലെ സ്ഥാനാര്‍ത്ഥി ആനി രാജ വിമര്‍ശിച്ചു. വയനാട് കുത്തകമണ്ഡലമാണെന്ന് കോണ്‍ഗ്രസ് കരുതേണ്ടെന്നും, അഞ്ച് വര്‍ഷത്തേക്കാണ് ഒരാളെ എംപിയായി തെരഞ്ഞെടുക്കുന്നതെന്നും ആനി രാജ പറഞ്ഞു.
രാഹുല്‍ ഇക്കുറിയും വയനാട്ടിലേക്ക് നീങ്ങുന്നത് ഇടതുപക്ഷത്തെ ദേശീയ തലത്തില്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഇന്ത്യ സഖ്യത്തിന്‍റെ നേതൃത്വം വഹിക്കുന്ന കക്ഷി സഖ്യത്തിലെ മറ്റൊരു കക്ഷിയോട് ഏറ്റുമുട്ടുന്നതിലെ അതൃപ്തി സിപിഎമ്മും സിപിഐയും കോണ്‍ഗ്രസിനെ ധരിപ്പിച്ചിട്ടുണ്ട്. വയനാട്ടിലെ ഏറ്റുമുട്ടല്‍ ദേശീയ തലത്തില്‍ ഇന്ത്യ സഖ്യത്തെ അടിക്കാനുള്ള വടിയായി ബിജെപി മാറ്റി കഴിഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് ആദ്യവാരം വരുന്നതോടെ രാഹുല്‍ ഗാന്ധിയുടെ മത്സരം എവിടെയെന്ന് വ്യക്തമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam