
തിരുവനന്തപുരം : ലോകായുക്ത നിയമഭേദഗതി ബില്ലും സർവകലാശാലാ നിയമഭേദഗതി ബില്ലും ഗവർണറുടെ അനുമതിക്കായി അയച്ച് സർക്കാർ. 18ന് തലസ്ഥാനത്ത് തിരിച്ചെത്തുന്ന ഗവർണർ ബില്ലുകളിൽ എന്ത് തീരുമാനമെടുക്കുമെന്നാണ് ഇനിയുള്ള ആകാംക്ഷ. വിശദമായ പരിശോധന നടത്തുമെന്ന് നേരത്തെ അറിയിച്ച ഗവർണറുടെ തീരുമാനം നീളുമെന്നുറപ്പാണ്
പന്ത് ഇനി രാജ്ഭവൻറെ കോർട്ടിൽ. നിയമസഭ പാസ്സാക്കിയ വിവാദബില്ലുകൾ നിയമവകുപ്പ് കൂടുതൽ പരിശോധന കൂടി നടത്തിയാണ് ഗവർണർക്ക് കഴിഞ്ഞ ദിവസം അയച്ചത്. 14 ാം വകുപ്പ് ഭേദഗതി ചെയ്ത് ലോകായുക്തയുടെ ചിറകരിയുന്ന ബില്ലും വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന ഭേദഗതി ബില്ലിലും ഗവർണർ എടുക്കുന്ന തീരുമാനമാണ് നിർണായകം. സർക്കാർ-ഗവർണർ പോര് അനുനയമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ബില്ലുകൾ രാജ്ഭവനിലെത്തിയത്.
കഴിഞ്ഞ കാല തർക്കങ്ങളിൽ നിന്നും വ്യത്യസ്തമായി ഗവർണർ അയയുന്നതിൻറെയും സർക്കാർ അനുനയത്തിൻറെയും സൂചനകൾ ഇതുവരെ നൽകുന്നില്ല. ഓണം വാരാഘോഷത്തിൻറെ സമാപനത്തിലെ ഘോഷയാത്രയിൽ ഗവർണറെ ക്ഷണിക്കുന്ന പതിവ് വരെ സർക്കാർ തെറ്റിച്ചു. തരം കിട്ടുന്ന സമയത്തെല്ലാം സർക്കാറിനെ പരസ്യമായി തന്നെ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ച് വരുന്നു. ഒന്നുകിൽ ബില്ലിൽ ഒപ്പിടാം, അല്ലെങ്കിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകാം. അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയക്കാം. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ ഗവർണ്ണർ തീരുമാനമെടുക്കൂ.
മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്തയിൽ വിധി പറയാനിരിക്കെ സർക്കാർ പിടിവാശി വിട്ട് അനുനയത്തിലേക്ക് നീങ്ങാനും സാധ്യതയേറെ. ഇത്ര വിവാദമുണ്ടായശേഷം ബില്ലിൽ ഒപ്പിട്ടാൽ ബിജെപി-സിപിഎം ഒത്തുകളി എന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കും. 2021ൽ നിയമസഭ പാസ്സാക്കിയ സർവ്വകലാശാല അപലേറ്റ് ട്രിബ്യൂണൽ ബില്ലിൽ ഇതുവരെ രാജ്ഭവൻ തീരുമാനമെടുത്തിട്ടില്ല. സഹകരണ സംഘ നിയന്ത്രണ ബില്ലും രാജ്ഭവനിൽ മാസങ്ങളായി കെട്ടിക്കിടക്കുന്നു. നിയമസഭ പാസ്സാക്കിയ ബില്ലിൽ ഇത്ര സമയത്തിനുള്ളിൽ ഗവർണർ ഒപ്പിടണമെന്ന് ഭരണഘടന അനുശാസിക്കുന്നുമില്ല.
'കുടുംബത്തിന് നീതി കിട്ടുമെന്നാണ് പ്രതീക്ഷ'; അട്ടപ്പാടിയിലെ മധുവിന്‍റെ കുടുംബത്തെ സന്ദർശിച്ച് ഗവർണർ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam