'എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ'; കൊവിഡ് പർച്ചേസില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് കെ കെ ശൈലജ

By Web TeamFirst Published Oct 15, 2022, 11:18 AM IST
Highlights

കൊവിഡ് പർച്ചേസ് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്ന് ആവർത്തിക്കുകയാണ് കെ കെ ശൈലജ. കാര്യങ്ങൾ ലോകയുക്തയെ ബോധ്യപ്പെടുത്തുമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. 

കുവൈത്ത് സിറ്റി: കൊവിഡ് പർച്ചേസിൽ ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. മുഖ്യമന്ത്രിയുമായി ആലോചിച്ചെടുത്ത തീരുമാനമാണെന്നാണ് കെ കെ ശൈലജയുടെ വിശദീകരണം. കാര്യങ്ങൾ ലോകയുക്തയെ ബോധ്യപ്പെടുത്തുമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. 

കൊവിഡ് പർച്ചേസ് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്ന് ആവർത്തിക്കുകയാണ് കെ കെ ശൈലജ. അടിയന്തര സാഹചര്യത്തിലാണ് ആദ്യ ഘട്ടത്തിൽ പാർച്ചേസ് നടത്തിയത്. അന്ന് ജനങ്ങളുടെ ജീവൻ രക്ഷിക്കലിനായിരുന്നു പരിഗണന നൽകിയത്. അതിനെ ഇപ്പോഴും പ്രതിപക്ഷം അഴിമതിയെന്ന് ആരോപിക്കുകയാണ്. ജനങ്ങളുടെ  ജീവൻ രക്ഷിക്കാൻ ശ്രമിച്ചതിന്റ പേരിൽ എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും ശൈലജ കുവൈത്തിൽ പറഞ്ഞു.

കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ കൊവിഡ് പര്‍ചേസ് അഴിമതിയില്‍ ഇന്നലെയാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്. മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അടക്കമുള്ളവര്‍ക്കെതിരെയാണ് ലോകായുക്തയുടെ അന്വേഷണം. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ലോകായുക്ത നടപടി. മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതടക്കമുള്ള അഴിമതി ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്.  'കൊവിഡ് കൊള്ള' എന്ന പരമ്പരയിലൂടെയാണ്, 500 രൂപയ്ക്ക് ഇഷ്ടം പോലെ പിപിഇ കിറ്റ് കിട്ടുന്ന സമയത്ത് 1550 രൂപയ്ക്ക് മഹാരാഷ്ട്രയിലെ തട്ടിക്കൂട്ട് സ്ഥാപനമായ സാന്‍ഫാര്‍മയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയതടക്കമുള്ള സംഭവങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നത്. 

Also Read:  ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്: കൊവിഡ് കൊള്ളയിൽ ലോകായുക്ത അന്വേഷണം, മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് നോട്ടീസ്

ഇതിനിടെ, ലോകായുക്ത നടപടി ക്രമങ്ങളില്‍ വിവേചനമെന്ന് ആരോപിച്ച് മുൻ മന്ത്രി കെ ടി ജലീൽ രംഗത്തെത്തി. കെ കെ ശൈലജക്കെതിരായ ലോകായുക്ത നടപടി പരോക്ഷമായി സൂചിപ്പിച്ചാണ് ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഏകപക്ഷീയമായി വിധി പറയാൻ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസയക്കാനും  ലോകായുക്തക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ജലീലായാൽ നിയമവും വകുപ്പും ഇത്തരം നടപടിക്രമങ്ങളും ബാധകമല്ലെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

Also Read:  ലോകായുക്തക്ക് നടപടിക്രമങ്ങളിൽ വിവേചനമെന്ന് കെ ടി ജലീൽ; പരോക്ഷ സൂചനയുമായി ഫേസ്ബുക്ക് പോസ്റ്റ്

 

click me!