തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ (Lokayukta Ordinance) ഗവർണറുടെ (Governor) തീരുമാനം നീളുന്നു. മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷമാകും ഇക്കാര്യത്തിൽ ഗവർണർ തീരുമാനമെടുക്കാൻ സാധ്യത. മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച്ച നടത്താനും സാധ്യതയുണ്ട്. സുപ്രധാന ഓർഡിനൻസായത് കൊണ്ട് ഗവർണർ വിവിധ നിയമവിദഗ്ദരുമായി അഭിപ്രായം തേടുകയാണ്.
ഓർഡിനൻസിന് രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്ന മറുപടിയാണ് സർക്കാർ കഴിഞ്ഞ ദിവസം ഗവർണർക്ക് നൽകിയത്. വലിയ വിവാദമായിരിക്കുന്ന സാഹചര്യത്തിൽ ഗവർണറുടെ തീരുമാനം നിർണായകമാണ്. ഗവർണറുടെ തീരുമാനം നീളുന്നതിനാൽ നിയമസഭ സമ്മേളന തിയതി പോലും സർക്കാർ നിശ്ചയിക്കാതെ നീട്ടി വെച്ചിരിക്കുകയാണ്.
ലോകായുക്ത ഭേദഗതിയെ എതിർക്കാൻ സിപിഐ
ലോകായുക്ത ഭേദഗതിയെ ശക്തമായി എതിർക്കാൻ സിപിഐ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചിട്ടുണ്ട്. യോഗത്തിൽ പാർട്ടി മന്ത്രിമാർക്ക് എതിരെ രൂക്ഷ വിമർശനം ഉയർന്നു. ലോകായുക്താ ഭേദഗതിയെ മന്ത്രിസഭാ യോഗത്തിൽ പിന്തുണച്ചതിനായിരുന്നു വിമർശനം. മന്ത്രിമാർ ജാഗ്രത പുലർത്തിയില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി. മന്ത്രിസഭയിൽ വിഷയം എടുക്കുമെന്നറിഞ്ഞപ്പോൾ പാർടി സെന്ററിനെ അറിയിച്ചെന്ന് മന്ത്രിമാർ വിശദീകരിച്ചു.
എന്നാൽ കൃത്യമായ മറുപടി പാർടി സെന്ററിൽ നിന്ന് കിട്ടിയില്ലെന്നും ഇത് ആശയകുഴപ്പമുണ്ടാക്കിയെന്നും മന്ത്രിമാർ മറുപടി നൽകി. കെ റെയിൽ പദ്ധതിക്കെതിരെയും എക്സിക്യുട്ടീവ് യോഗത്തിൽ വിമർശനം ഉയർന്നു. കെ റെയിലിൽ സിപിഎം സമീപനത്തിനെതിരെ വിമർശനം ഉയർന്നു. കല്ല് പിഴുതാൽ പല്ല് പോകുമെന്ന വിമർശനം ശരിയായില്ലെന്ന് വിഷയം ഉന്നയിച്ച് മുല്ലക്കര രത്നാകരൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവരോടുള്ള സമീപനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളോട് യുദ്ധം ചെയ്ത് പദ്ധതി നടപ്പാക്കേണ്ടെന്ന നിലപാടിലാണ് ഒടുവിൽ യോഗം എത്തിയത്.