
തിരുവനന്തപുരം: നിർണ്ണായക കേസിൽ ലോകായുക്തയിൽ നിന്നും ഭിന്ന വിധിയുണ്ടായതിൽ മുഖ്യമന്ത്രിക്ക് താൽക്കാലികമായി ആശ്വസിക്കാം. പക്ഷെ ഒരു ന്യായാധിപന്‍റെ എതിർ വിധിയുടെ ധാർമ്മിക പ്രശ്നം മുഖ്യമന്ത്രിക്ക് ഭീഷണിയായി ഇനിയും തുടരും. ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയെന്നാണ് പ്രതിപക്ഷനേതാവിൻ്റെ ആരോപണം.
മന്ത്രിസഭയുടെ നയപരമായ തീരുമാനങ്ങൾ ലോകായുക്തയ്ക്ക് പരിഗണിക്കാൻ ആകില്ലെന്ന വാദം നേരത്തെ സർക്കാർ ഉന്നയിച്ചതാണ്. ഈ സുപ്രധാന പ്രശ്നത്തിൽ ലോകായുക്തയിൽ തന്നെ ഉണ്ടായ ഭിന്ന നിലപാടാണ് മുഖ്യമന്ത്രിയുടേയും സർക്കാറിൻറെയും ഇനിയുള്ള പ്രധാന പിടിവള്ളി. പതിനാലാം വകുപ്പിൽ വെള്ളം ചേർത്തുള്ള ലോകായുക്ത നിയമഭേദഗതി ബിൽ ഗവർണ്ണർ ഇനിയും ഒപ്പിടാതിരിക്കെ എന്താകും വിധി എന്ന ആകാംക്ഷ സർക്കാർ കേന്ദ്രങ്ങളിൽ ഉണ്ടായിരുന്നു. പുറത്ത് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും വിധിയിൽ അപ്പീൽ സാധ്യതയില്ലാത്തതിലാായിരുന്നു ആശങ്ക. കേസ് ഒടുവിൽ വിശാലബെഞ്ചിലേക്ക് പോകുമ്പോൾ അവിടെ വീണ്ടും വാദമുഖങ്ങൾ കൃത്യമായി ഉയർത്താനാകുമെന്നാണ് സർക്കാറിൻ്റെ പ്രതീക്ഷ.
അനുനയത്തിലെത്തിയ ഗവർണ്ണർ ഇതിനിടെ ലോകായുക്ത ബില്ലിൽ ഒപ്പിട്ടാലുള്ള അനുകൂല സാഹചര്യവും സർക്കാറിൻറെ കണക്ക് കൂട്ടലിലുണ്ട്. അങ്ങിനെയങ്കിൽ വിശാല ബെഞ്ചിന്‍റെ വിധി എതിരായാലും നിയമസഭക്ക് മറികടക്കാം. അതേ സമയം ദുരിതാശ്വാസഫണ്ട് വിനിയോഗത്തിലെ ക്രമക്കേട് ലോകായുക്തയിലെ ഒരു ന്യായാധീപൻ ചോദ്യം ചെയ്തുള്ള വിധി ഇനി തലക്ക് മുകളിൽ ധാർമ്മിക പ്രശ്നമായി തന്നെ തുടരുമെന്നത് പ്രശ്നം. ധാർമ്മികമായി പിണറായിയുടെ രാജിയാവശ്യപ്പെടുന്ന പ്രതിപക്ഷ ലോകായുക്തയെയും സംശയനിഴലിൽ നിർത്തുന്നു.
ജലീലിൽ പുറത്ത് പോകേണ്ടിവന്ന വിധിക്ക് പിന്നാലെ ലോകായുക്തക്കെതിരെ ജലീൽ അടക്കമുള്ള ഇടത് നേതാക്കൾ ഉന്നയിച്ചത് ഗുരുതര ആരോപണം. ലോകായുക്തയുടെ അധികാരത്തിനായി ഇതുവരെ വാദിത്ത പ്രതിപക്ഷമാണിപ്പോൾ മുഖ്യമന്ത്രിയുടെ കേസിലെ ഭിന്നവിധിയിൽ ലോകായുക്തയെ ചോദ്യം ചെയ്യുന്നത്.