
കോട്ടയം: സൗമ്യമായ പെരുമാറ്റം കൊണ്ടും മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തന ശൈലി കൊണ്ടും പൊതുരംഗത്ത് ശ്രദ്ധേയരായ രണ്ടു കേരള കോണ്‍ഗ്രസുകാര്‍ തമ്മിലുളള മല്‍സരത്തിനാണ് കോട്ടയത്ത് ഇക്കുറി കളമൊരുങ്ങിയിരിക്കുന്നത്. രണ്ടു ചേരികളിൽ നിന്ന് പരസ്പരം മത്സരിക്കുന്ന തോമസ് ചാഴികാടന്റെയും ഫ്രാൻസിസ് ജോർജിന്റെയും രാഷ്ട്രീയ ജീവിതത്തിലെ അസാധാരണമായ ചില സാമ്യതകളെ കുറിച്ചാണ് ഇനി.
ബാങ്കുദ്യോഗം രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയിടത്തു തുടങ്ങുന്നു തോമസ് ചാഴിക്കാടനും ഫ്രാന്‍സിസ് ജോര്‍ജിനുമിടയിലെ സമാനത. ന്യൂ ബാങ്ക് ഓഫ് ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍റെ ജോലി വിട്ടാണ് 1991ല്‍ ഏറ്റുമാനൂരില്‍ നിന്ന് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ ചാഴിക്കാടന്‍ വന്നത്. 1990ലെ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ ഫെഡറല്‍ ബാങ്കിലെ ജോലി രാജിവയ്ക്കേണ്ടി വന്ന കഥ ഫ്രാന്‍സിസ് ജോര്‍ജിനും പറയാനുണ്ട്.
കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെഎം ജോര്‍ജിന്‍റെ മകന്‍ എന്ന മേല്‍വിലാസത്തിലായിരുന്നു ഫ്രാന്‍സിസ് ജോര്‍ജിന്‍റെ രാഷ്ട്രീയ പ്രവേശനം. യൂത്ത് ഫ്രണ്ട് നേതാവായിരുന്ന സഹോദരന്‍ ബാബു ചാഴികാടന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഇടിമിന്നലേറ്റ് മരിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയത്തിലിറങ്ങിയ തോമസ് ചാഴികാടനും കേരള കോണ്‍ഗ്രസുകളിലെ കുടുംബ രാഷ്ട്രീയത്തിന്‍റെ പിന്തുടര്‍ച്ചക്കാരനാണ്.
പിജെ ജോസഫായിരുന്നു രാഷ്ട്രീയത്തില്‍ ഫ്രാന്‍സിസ് ജോര്‍ജിന്‍റെ തലതൊട്ടപ്പനെങ്കില്‍ കെഎം മാണിയുടെ സ്നേഹവാല്‍സല്യങ്ങളാണ് തോമസ് ചാഴിക്കാടനെ നേതാവാക്കിയത്. സിപിഎം രാഷ്ട്രീയത്തിലെ കരുത്തന്‍ വൈക്കം വിശ്വനെ തോല്‍പ്പിച്ചാണ് ചാഴിക്കാടന്‍ ആദ്യമായി നിയമസഭ കയറിയത്. കേന്ദ്രമന്ത്രി വരെയായിരുന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനെ അട്ടിമറിച്ചായിരുന്നു ഫ്രാന്‍സിസ് ജോര്‍ജിന്‍റെ കന്നി ലോക്സഭ പ്രവേശം. ജയിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫുകാരനായിട്ടായിരുന്നു ചാഴികാടന്‍റെ മല്‍സരം. ഫ്രാന്‍സിസ് ഇന്നോളം ജയിച്ചിട്ടുളളതാകട്ടെ എല്‍ഡിഎഫുകാരനായും. നിയമ നിര്‍മാണ സഭകളിലേക്കുളള ഇരുവരുടെയും എട്ടാമത്തെ മല്‍സരമാണ് കോട്ടയത്തേത് എന്നത് മറ്റൊരു സമാനത.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam