
തിരുവനന്തപുരം: തൊഴിലില്ലായ്മ വേതനമായി യുവാക്കൾക്ക് നൽകേണ്ട പണത്തിൽ വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്ക് വിജിലൻസ് കോടതി ശിക്ഷ വിധിച്ചു. തിരുവനന്തപുരം കോർപറേഷനിൽ അക്കൗണ്ട്സ് വിഭാഗത്തിലും ഹെൽത്ത് വിഭാഗത്തിലും ഉദ്യോഗസ്ഥരായിരുന്ന രണ്ട് പേർക്ക് 12 വർഷം കഠിന തടവും പിഴയും വിധിച്ചു. 2005-2006 കാലഘട്ടത്തിലായിരുന്നു തിരുവനന്തപുരം കോർപറേഷനിൽ വെട്ടിപ്പ് നടന്നത്. കേസിൽ തിങ്കളാഴ്ചയാണ് തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറഞ്ഞത്.
അഭ്യസ്ഥവിദ്യരായ, തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് സർക്കാർ നൽകുന്ന ധനസഹായമാണ് തൊഴിലില്ലായ്മ വേതനം. ഇതിന്റെ വിതരണത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ 2005-2006 സാമ്പത്തിക വർഷത്തിൽ ക്രമക്കേട് നടത്തി 15,45,320 രൂപ വെട്ടിച്ചുവെന്നാണ് കേസ്.തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം നൽകിയ കേസിലാണ് വിധി വന്നത്.
അക്കൗണ്ട്സ് വിഭാഗം ക്ലാർക്കായ പി.എൽ. ജീവൻ, ഹെൽത്ത് വിഭാഗം ക്ലാർക്കായ സദാശിവൻ നായർ എന്നിവർ കുറ്റക്കാരാണെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തി. രണ്ട് പേരെയും വിവിധ വകുപ്പുകളിലായി ആകെ 12 വർഷം കഠിന തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. ഇത് കൂടാതെ ഒന്നാം പ്രതിയായ ജീവൻ 6,35,000 രൂപയും രണ്ടാം പ്രതിയായ സദാശിവൻ നായർ 6,45,000 രൂപയും പിഴ അടയ്ക്കണം. രണ്ട് പ്രതികളെയും റിമാന്റ് ചെയ്ത് ജയിലിലടച്ചു.
തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 ലെഡി.വൈ.എസ്.പി യായിരുന്ന കെ.എസ്.വിമലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്പെക്ടർമാരായിരുന്ന സജി, എം.അനിൽ കുമാർ, പി.വി.രമേശ് കുമാർ, എസ്.സജാദ്, ജി.ബിനുഎന്നിവർ അന്വേഷണം നടത്തി. ഡി.വൈ.എസ്.പിയായിരുന്ന അജിത് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ കോടതിയിൽ ഹാജരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam