ആലപ്പുഴയില്‍ വാഹന പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ലോറിഡ്രൈവര്‍ മരിച്ച നിലയില്‍

By Web TeamFirst Published Oct 17, 2020, 10:57 PM IST
Highlights

ലോറിയിൽ അമിതഭാരം ഉള്ളതിനാൽ മോട്ടോർ വാഹന വകുപ്പ് വൻതുക പിഴ ഈടാക്കുമെന്ന് ഭയപ്പെട്ടാണ് ഓടിയത് എന്ന് സഹായി പൊലീസിനോട് പറഞ്ഞു. അസ്വാഭാവിക മരണത്തിന് മാരാരിക്കുളം  പൊലീസ് കേസെടുത്തു.

ആലപ്പുഴ: ആലപ്പുഴയിൽ മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കോയിവിള  സ്വദേശി ഷാനവാസ്  ആണ് മരിച്ചത്. ദേശീയപാതയിൽ മാരാരിക്കുളത്ത് ആണ് സംഭവം. ഇന്നലെ രാത്രി പത്തരയോടെ  ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ട്  ജംഗ്ഷനിലാണ് സംഭവം.  കൂത്താട്ടുകുളത്ത് നിന്നും എംസാൻഡുമായി എത്തിയ ലോറിക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈകാണിച്ചു. വാഹനം വഴി അരികിൽ നിർത്തിയശേഷം  ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. 

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കുറച്ചുദൂരം പിന്നാലെ പോകുന്നത് ദൃശ്യങ്ങളിൽ കാണാം. ഉദ്യോഗസ്ഥരെ ഭയന്ന് ഷാനവാസും സഹായിയും ഇരു ദിശയിലേക്കാണ് ഓടിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സംഭവം ഉടൻ മാരാരിക്കുളം പൊലീസിനെ അറിയിച്ചു. കൊല്ലം സ്വദേശിയായ വാഹന ഉടമയോടും സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. തുടർന്ന് ലോറിയിലെ സഹായി പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും ഡ്രൈവറായ ഷാനവാസിനെ  കണ്ടെത്താനായിരുന്നില്ല. മൊബൈൽ ഫോണിലും ലഭ്യമായിരുന്നില്ല. പുലർച്ചെ മൂന്ന് മണിയോടെ കളിത്തട്ട് ജംഗ്ഷന് ഒരു കിലോമീറ്റർ പരിധിയിൽ  ഷാനവാസിനെ മരിച്ച നിലയിൽ പൊലീസ് കണ്ടെത്തി. 

ലോറിയിൽ അമിതഭാരം ഉള്ളതിനാൽ മോട്ടോർ വാഹന വകുപ്പ് വൻതുക പിഴ ഈടാക്കുമെന്ന് ഭയപ്പെട്ടാണ് ഓടിയത് എന്ന് സഹായി പൊലീസിനോട് പറഞ്ഞു. അസ്വാഭാവിക മരണത്തിന് മാരാരിക്കുളം  പൊലീസ് കേസെടുത്തു. ഓടി രക്ഷപ്പെടുന്നതിനിടയിൽ ഷാനവാസിന്  ഹൃദയാഘാതം വന്നത്  ആകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊവിഡ് പരിശോധനയും നടത്തും. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് കിട്ടിയശേഷം കേസിൽ വ്യക്തത വരുമെന്ന്  പൊലീസ് അറിയിച്ചു. 

click me!