
തിരുവനന്തപുരം: ജിഎസ്ടി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ലോട്ടറി വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക്. ലോട്ടറി വില കൂട്ടാതെ വേറെ വഴിയില്ല. വില കൂട്ടിയില്ലെങ്കില്‍ സമ്മാനത്തുക കുറയ്ക്കേണ്ട സാഹചര്യം വരും. നേരിയ രീതിയില്‍ മാത്രമേ വില വര്‍ധിപ്പിക്കൂവെന്നും ധനമന്ത്രി അറിയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോള്‍ ആണ് തോമസ് ഐസക് ഇക്കാര്യം വ്യക്തമാക്കിയത്.
വലിയ സാമ്പത്തിക ഞെരുക്കത്തിന്‍റെ കാലത്താണ് ഈ ബജറ്റ്. കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട വിഹിതത്തില്‍ 15,000 കോടി രൂപ കുറവാണ് ഇക്കുറി ലഭിച്ചത്. ജിഎസ്ടി വരുമാനം വര്‍ധിപ്പിക്കാന്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കും. ഇതിലൂടെ വലിയ വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. നികുതി ചോര്‍ച്ച തടയാനും കാര്യക്ഷമമായ നടപടികള്‍ എടുക്കും.
സംസ്ഥാനത്തെ വിവിധ ഡാമുകളിലെ മണൽ വിൽപനയിലൂടെ നികുതിയേതര വരുമാനം കൂട്ടാൻ ആലോചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ചു ചേർക്കും. എയ്ഡഡ് സ്കൂളുകളിൽ അനാവശ്യമായി അധ്യാപക തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. എക്സൈസ് വകുപ്പിന്റെ വരുമാനം കൂട്ടാൻ പബ്ബുകൾ അടക്കമുള്ളവ ആലോചിക്കാവുന്നതാണ് എന്നാൽ നികുതി ഇനിയും കൂട്ടുന്നതിനോട് യോജിപ്പില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam