അറബിക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടു; അടുത്ത 24 മണിക്കൂറിൽ ശക്തിപ്രാപിക്കും, കനത്ത മഴ തുടരുന്നു

By Web TeamFirst Published May 13, 2021, 1:58 PM IST
Highlights

സംസ്ഥാനത്ത് 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുളളത്.

തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിൽ ശക്തി പ്രാപിക്കും. ലക്ഷദ്വീപ് മേഖലയില്‍ ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യൂനമര്‍ദ്ദമാകുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ചയോടെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് മുതല്‍ 17 വരെ ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുളളത്. കൊല്ലം മുതൽ തൃശ്ശൂർ വരെയുള്ള 6 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്ന് മുതൽ 17 വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. ആലപ്പുഴ, ചെല്ലാനം, കൊയിലാണ്ടി, കാപ്പാട് എന്നിവിടങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. 

ആഴക്കടലിൽ മീൻ പിടിക്കാൻ പോയവർ നാളെയോടെ സുരക്ഷിത സ്ഥാനത്തെത്താൻ നിർദ്ദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തി. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ദുരന്ത നിവാരവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാണ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ട്. 

അറബിക്കടലിലെ ന്യൂനമർദ്ദം ഇപ്പോഴെവിടെയെത്തി? കാണാം, തത്സമയമാപ്പിൽ:

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!