
കൊച്ചി: ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന്‍റെ സമാപന ദിവസം കേരളം കാതോര്‍ത്തിരുന്ന ലുലു ഗ്രൂപ്പിന്‍റെ നിക്ഷേപ പ്രഖ്യാപനവും എത്തി. 5000 കോടി രൂപയുടെ നിക്ഷേപങ്ങൾ കേരളത്തിൽ നടത്തുമെന്നാണ് ലുലു ഗ്രൂപ്പ് ഇന്ന് പ്രഖ്യാപിച്ചത്. 15000 പേർക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്ന സംരംഭങ്ങൾ കേരളത്തിൽ 5 വർഷത്തിൽ തുടങ്ങുമെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഐ ടി ടവർ, ഗ്ലോബൽ സിറ്റി, ഫുഡ് പ്രൊസസിംഗ് പാർക്ക് എന്നിവ പുതിയ സംരംഭങ്ങളിൽപ്പെടും.
ആദ്യ ദിനം തന്നെ ബമ്പർ ഹിറ്റായി മാറിയ ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന്‍റെ രണ്ടാം ദിനവും നിരവധി പ്രഖ്യാപനങ്ങളാണ് ഉണ്ടായത്. 30000 കോടി പ്രഖ്യാപിച്ച അദാനിക്ക് പിന്നാലെ വമ്പൻ നിക്ഷേപകരെല്ലാം കേരളത്തിൽ നിക്ഷേപിക്കാൻ മത്സരിക്കുകയാണ്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് വ്യക്തമാക്കിയതാണ് രണ്ടാം ദിവസത്തെ ശ്രദ്ധേയമായ മറ്റൊരു പ്രഖ്യാപനം. സംസ്ഥാനത്ത് ലോജിസ്റ്റിക്സ് മേഖലയിൽ നടത്തുമെന്നാണ് പ്രഖ്യാപനം. വ്യവസായ സെക്രട്ടറിക്കൊപ്പം മാധ്യമങ്ങളെ കണ്ട ഗ്രൂപ്പ് മേധാവി ഷറഫുദ്ദീൻ ഷറഫാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
അഞ്ച് വര്‍ഷത്തിനുള്ളില്‍ 30000 കോടി നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ്
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കേരളത്തിലെ വിവിധ പദ്ധതികളിലായി 30,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് അദാനി പോര്‍ട്സ് ആന്‍ഡ് സെസ് ലിമിറ്റഡ് (എപിഎസ്ഇഇസെഡ്) എംഡി കരണ്‍ അദാനി ഇൻവെസ്റ്റ് കേരളയിൽ പ്രഖ്യാപിച്ചത്. വിഴിഞ്ഞം തുറമുഖത്തിനായുള്ള 20,000 കോടി രൂപയുടെ അധിക നിക്ഷേപവും ഇതില്‍ ഉള്‍പ്പെടും. ആഗോള വാണിജ്യമേഖലയുടെ സുപ്രധാന സ്ഥാനത്ത് ഇന്ത്യയെ നിലനിര്‍ത്താന്‍ വിഴിഞ്ഞം തുറമുഖത്തിലൂടെ സാധിക്കും. 2015 ല്‍ വിഴിഞ്ഞം പോര്‍ട്ടിന് നേതൃത്വം നല്‍കിയ അദാനി ഗ്രൂപ്പ് ഇതിനകം 5,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും 20,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തുമെന്നും കരണ്‍ അദാനി പറഞ്ഞു. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയിലാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്. തുറമുഖം കമ്മീഷന്‍ ചെയ്യുന്നതിന് മുമ്പുതന്നെ 24,000 കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പല്‍ ഇന്ത്യയിലാദ്യമായി വിഴിഞ്ഞത്ത് എത്തിയിരുന്നു. ഇതിലൂടെ തുറമുഖം ചരിത്രം സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ഷിപ്പ്മെന്‍റ് ഹബ്ബെന്നത് മാത്രമല്ല, ഈ ഭാഗത്തെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്മെന്‍റ് തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും കരണ്‍ അദാനി പറഞ്ഞു. 5,500 കോടി രൂപയുടെ നിക്ഷേപിക്കുന്നതിലൂടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ശേഷി 4.5 ദശലക്ഷം യാത്രക്കാരില്‍ നിന്ന് 12 ദശലക്ഷമായി വര്‍ദ്ധിപ്പിക്കും. കൊച്ചിയില്‍ ലോജിസ്റ്റിക്സ് ആന്‍ഡ് ഇ-കൊമേഴ്സ് ഹബ് സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam