വയനാട്ടിൽ പശുക്കളിൽ ഗുരുതര വൈറസ് രോഗം; ലംമ്പീസ് ചർമ്മ രോഗം വ്യാപിക്കുന്നു

By Web TeamFirst Published Oct 28, 2020, 6:56 AM IST
Highlights

രോഗവ്യാപനം ഭയന്ന് കർഷകർ പശുതൊഴുത്ത് മൂടിയിട്ടിരിക്കുകയാണ്. 30 കിലോമീറ്റർ വരെ വായുവിലൂടെ രോഗം പടരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നത്.

വയനാട്: വയനാട്ടിൽ പശുക്കളിൽ ഗുരുതര വൈറസ് രോഗം വ്യാപിക്കുന്നു. ലംമ്പീസ് സ്കിൻ ഡിസീസ് ബാധയെ തുടർന്ന് പാലുൽപ്പാദനം ഗണ്യമായി കുറഞ്ഞു. പ്രതിരോധ വാക്സിൻ ലഭ്യമല്ലാതെ വന്നതോടെ ക്ഷീരകർഷകർ ആശങ്കയിലാണ്.

വെള്ളമുണ്ട ചെറുകരയിലെ സുരേഷിന് ആറ് പശുക്കളുണ്ട്. രണ്ടാഴ്ച മുൻപാണ് ഒരു പശുവിന് രോഗ ലക്ഷണം കണ്ട് തുടങ്ങിയത്. പിന്നാലെ മറ്റുള്ളവയ്ക്കും വന്നു. കാലിൽ നീരും ശരീരത്തിൽ തടിപ്പുമായിരുന്നു ആദ്യ ലക്ഷണം. തുടർന്ന് ശരീരമാസകലം വൃണമായി. അതിവേഗം വ്യാപിക്കുന്ന വൈറസ് രോഗത്തിനുള്ള പ്രതിരോധ വാക്സിന് കടുത്ത ക്ഷാമമാണ്. 100 ഡോസ് വാക്സിന് 9000 രൂപയാണ് വില. 50 ലിറ്റർ പാൽ പ്രതിദിനം വിറ്റിരുന്ന കർഷകൻ പശുവിനെ ചികിത്സക്കാൻ വഴിയില്ലാത്ത അവസ്ഥയിലെത്തി. 10 പഞ്ചായത്തുകളിലായി 170 ഓളം പശുക്കൾക്ക് രോഗം ബാധിച്ചു.

30 കിലോമീറ്റർ വരെ വായുവിലൂടെ രോഗം പടരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നത്. തൊഴുത്ത് അണുമുക്തമാക്കുകയും പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും ചെയ്യുകയാണ് പ്രതിരോധ മാഗ്ഗം. ഈച്ച , കൊതുക് എന്നിവയും രോഗം പരത്തും. രോഗവ്യാപനം ഭയന്ന് കർഷകർ പശുതൊഴുത്ത് മൂടിയിട്ടിരിക്കുകയാണ്. ജന്തുരോഗ നിയന്ത്രണ പദ്ധതിനുസരിച്ച് 3000 ഡോസ് വാക്സിന് എത്തിച്ചിട്ടുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കാലികളിലൂടെയാണ് രോഗം വന്നതെന്നാണ് കരുതുന്നത്.

click me!