'യുഎപിഎ കരിനിയമം'; ദുരൂപയോഗം തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് എം എ ബേബി

By Web TeamFirst Published Nov 7, 2019, 6:45 PM IST
Highlights

യുഎപിഎ കരിനിയമമാണെന്നാണ് ഇടത് നയം. പക്ഷെ ഒരു സംസ്ഥാന സർക്കാരിന് യുഎപിഎ നിയമം ഇല്ലാതാക്കാൻ കഴിയില്ലെന്ന് എം എ ബേബി

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് എം എ ബേബി. പൊലീസിന്‍റെ മനോഭാവം അവർ പിടിക്കുന്നവരൊക്കെ കുറ്റക്കാരാണെന്നായിരുന്നു എം എ ബേബിയുടെ വിമര്‍ശനം. യുഎപിഎ കരിനിയമമാണെന്നാണ് ഇടത് നയം. പക്ഷെ ഒരു സംസ്ഥാന സർക്കാരിന് യുഎപിഎ നിയമം ഇല്ലാതാക്കാൻ കഴിയില്ല. എന്നാല്‍ ദുരുപയോഗം തടയാൻ ഇടതുമുന്നണി സർക്കാർ ശ്രമിക്കുമെന്നും എം എ  ബേബി പറഞ്ഞു.

ഉദ്യോഗസ്ഥവൃന്ദം യുഎപിഎ ദുരുപയോഗപ്പെടുത്തുന്നത് തടയാനാണ് രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നത്. രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥവൃന്ദത്തിന്‍റെ മനോഭാവവും തമ്മിൽ ചിലപ്പോൾ പ്രശ്നങ്ങളുണ്ടാകും. സിപിഎമ്മിനുള്ളിൽ മാവോയിസ്റ്റുകൾ നുഴഞ്ഞ് കയറിയോ ഇല്ലയോ എന്ന് ഇപ്പോൾ പറയാനാവില്ല. അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും എം എ ബേബി പറഞ്ഞു. 

അതേസമയം പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലനെയും താഹയെയും കോഴിക്കോട് ജില്ലാ ജയിലിൽ നിന്നും മാറ്റില്ല. ജില്ലാ ജയിലിൽ സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ ഇരുവരെയും മാറ്റണമെന്ന് ജയിൽസൂപ്രണ്ടിന്‍റെ റിപ്പോർട്ട് ഡിജിപി ഋഷിരാജ് സിംഗ് തള്ളിയിരുന്നു. നിലവിൽ സുരക്ഷാപ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് ഋഷിരാജ് സിംഗിന്‍റെ വിലയിരുത്തൽ. താഹയ്ക്കും അലനുമൊപ്പമുണ്ടായിരുന്ന മൂന്നാമനുവേണ്ടിയുളള തിരച്ചിൽ അന്വേഷണസംഘം തുടരുകയാണ്. 

click me!