'സലാം കുമാറിന് വീട്, ജേതാക്കള്‍ക്ക് ഒരു ലക്ഷം': 'സല്യൂട്ട് കേരളം' പരിപാടിയിൽ എംഎ യൂസഫലിയുടെ പ്രഖ്യാപനം

By Web TeamFirst Published Dec 21, 2021, 7:32 PM IST
Highlights

തന്റെ പരാധീനതകൾക്കിടയിലും സമൂഹത്തിനായി പ്രവർത്തിച്ച സലാം കുമാറിനുള്ള ആദരമായി എം എ യൂസഫലിയുടെ സഹായവാഗ്ദാനം. 
 

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്റെ സല്യൂട്ട് കേരളം(Salute Keralam) പുരസ്കാര ജേതാവ് സലാം കുമാറിന് വീട് നൽകുമെന്ന് എം എ യൂസഫലി (M  A Yusuff Ali). പുരസ്കാര ജേതാവിനുള്ള സമ്മാനമായ അമ്പതിനായിരം രൂപ ആംബുലൻസ് വാങ്ങാൻ വേണ്ടി ഉപയോഗിക്കുമെന്ന് സലാം കുമാർ പുരസ്കാര വേദിയിൽ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിനുള്ള ആംബുലൻസകളും വാങ്ങി നൽകുമെന്ന് യൂസഫലി പ്രഖ്യാപിച്ചു. ഇതിന് പുറമേ എല്ലാ സല്യൂട്ട് കേരളം പുരസ്കാര വിജയികൾക്കും ഒരു ലക്ഷം രൂപ വീതം നൽകുമെന്നും ലുലു ഗ്രൂപ്പ് മേധാവി പ്രഖ്യാപിച്ചു. 

നാലുവിഭാഗങ്ങളിലായി രണ്ട് സ്പെഷൽ ജൂറി അവാ‍ർഡുകൾ ഉൾപ്പെടെ ആറു പുരസ്കാരങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് സല്യൂട്ട് കേരളം പദ്ധതിയുടെ ഭാഗമായി സമ്മാനിച്ചത്. പൊതുവിഭാഗത്തിലാണ് സലാം കുമാറിന് പുരസ്കാരം നൽകിയത്. കൊവിഡ് കാലത്ത് സമൂഹത്തിന് മാതൃകയായ മഹത്തായ പ്രവർത്തനങ്ങൾ നടത്തിയതിനാണ് പുരസ്കാരം. സലാം കുമാ‍റിന്റെ മനക്കരുത്തിനും അർപ്പണമനോഭാവത്തിനുമുളള  അംഗീകാരമാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ സല്യൂട്ട് കേരള പുരസ്കാരം. 

റാന്നി നാറാണംമുഴി ഉന്നത്താനി ലക്ഷം വീട് കോളനിയിലെ താമസക്കാരനാണ് സലാംകുമാർ. തനിക്കുള്ള ശാരീരിക ബുദ്ധിമുട്ടുകളൊന്നും കൊവിഡ് കാലത്ത് സേവന സന്നദ്ധനാകുന്നതിൽ സലാമിന് തടസ്സമായില്ല. കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് തന്‍റെ വാഹനം വിട്ട് നൽകുകയും, ഓൺലൈൻ പഠനസമഗ്രികൾക്കായി ബുദ്ധിമുട്ടിയ കുട്ടികളെ സഹായിക്കുകയും ചെയ്ത സലാംകുമാറിന്‍റെ പ്രതിബദ്ധതയെ ആണ് ഏഷ്യാനെറ്റ് ന്യൂസ് പുരസ്കാരത്തിലൂടെ ആദരിച്ചത്.

click me!