പ്രതിഷേധമറിയിക്കാൻ എം. ലിജു‌‌ മുഖ്യമന്ത്രി വി.ഡി. സതീശനെ കാണും; വകുപ്പ് മന്ത്രിയറിയാതെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിൽ അതൃപ്തി

Published : Jun 22, 2026, 09:13 AM ISTUpdated : Jun 22, 2026, 09:15 AM IST
VD Satheesan Liju

Synopsis

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച ബജറ്റ് പ്രഖ്യാപനത്തിൽ എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവിന് അതൃപ്തി. വകുപ്പ് മന്ത്രി അറിയാതെയുള്ള തീരുമാനത്തിൽ പ്രതിഷേധമറിയിക്കാൻ ലിജു മുഖ്യമന്ത്രി വി.ഡി. സതീശനെ കാണും. ഈ തീരുമാനം കോൺഗ്രസിനകത്തും പ്രതിപക്ഷത്തും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ എം .ലിജു മുഖ്യമന്ത്രി വി.ഡി. സതീശനെ കാണും. വകുപ്പ് മന്ത്രി അറിയാതെയുള്ള തീരുമാനത്തിൽ പ്രതിഷേധമറിയിക്കാനാണ് ലിജു മുഖ്യമന്ത്രിയെ കാണുന്നത്. എക്സൈസ് മന്ത്രി അറിയാതെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച തീരുമാനം വിവാദമായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. നിയമസഭയിലാവും കൂടിക്കാഴ്ച.

സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കമായി. വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതിയിളവും ധാതു സംസ്കരണത്തിലെ സ്വകാര്യ പങ്കാളിത്തവും പ്രധാന ചർച്ചയാകും. രണ്ട് വിഷയത്തിലും ശക്തമായി എതിർപ്പുന്നയിക്കാനുറച്ചാണ് പ്രതിപക്ഷം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ രണ്ട് തീരുമാനങ്ങളിലും കോൺഗ്രസിലും എതിർപ്പുയർന്നിരുന്നു. 

കഴിഞ്ഞ ദിവസമാണ് മുതിർന്ന കോൺ​ഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രി വി.ഡി. സതീശന് രണ്ട് വിഷയങ്ങളിലും എതിർപ്പുന്നയിച്ച് കത്തയച്ചത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയത് വകുപ്പ് മന്ത്രി എം. ലിജു അറിഞ്ഞിട്ടില്ലെന്നും വിമർശനമുയർന്നിരുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പ്രതിപക്ഷം എതിർപ്പുന്നയിച്ച വിഷയം, അധികാരത്തിലേറി ആദ്യ ബജറ്റിൽ തന്നെ ഉൾപ്പെടുത്തിയിരുന്നു. പിന്നാലെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷം രം​ഗത്തെത്തി.

അതേസമയം, സർക്കാർ തീരുമാനത്തിനെതിരെ സാമുദായിക സം​ഘനകളും മതനേതാക്കളും രം​ഗത്തെത്തി. സർക്കാർ തീരുമാനത്തിൽ വിമർശനവുമായി കാന്തപുരം വിഭാഗം. മുഖപത്രമായ സിറാജിലെ എഡിറ്റോറിയലിലാണ് കടുത്ത വിമർശനമുന്നയിച്ചത്. വീര്യം കുറഞ്ഞത്, കൂടിയത്, ശുദ്ധം, വ്യാജം എന്നിങ്ങനെ മദ്യത്തെ തരം തിരിക്കുന്നത് വിഡ്ഢിത്തമാണെന്നും പുതിയ മദ്യ നയം ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നും വിമർശിച്ചു. ഈ തീരുമാനം പൊതുസമൂഹത്തിൽ മദ്യ വ്യാപനത്തിന് ഇടയാക്കുമെന്നും പുതിയ മദ്യ കമ്പനികളുടെയും ഇനങ്ങളുടെയും കുത്തൊഴുക്കിനു കാരണമാകുമെന്നും പ്രഖ്യാപനം മുഖ്യമന്ത്രി വി ഡി സതീശൻ തിരുത്തണമെന്നും ഓപ്പറേഷൻ തൂഫാൻ ഒരു വശത്തു നടക്കുമ്പോഴാണ്‌ മദ്യ വ്യാപനത്തിന് സർക്കാർ കൂട്ട് നിൽക്കുന്നതെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തി.

സിറോ മലബാർസഭ ബിഷപ് മാർ ജോസഫ് പാംപ്ലാനിയും സർക്കാറിനെതിരെ രം​ഗത്തെത്തി. ലഹരി വ്യാപിപ്പിക്കുന്ന നയം സ്വീകാര്യമല്ലെന്നും വീര്യം കുറഞ്ഞത് എന്ന പേരിൽ എല്ലാവർക്കും മദ്യം ലഭ്യമാക്കാനുള്ള തീരുമാനം ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തൂഫാൻ പോലുള്ള പരിപാടികളെ ഇത് പിന്നോട്ടടിപ്പിക്കും. തീരുമാനം പുനഃപരിശോധിക്കണം. കഴിഞ്ഞ സർക്കാർ ചെയ്ത തെറ്റ് തെറ്റെന്ന് പറയാൻ കഴിയണം. ആ നയത്തിന്‍റെ മറവിൽ പുതിയ സർക്കാർ മദ്യമൊഴുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

`എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരും', കെ മുരളീധരൻ്റെ പഴയ പരാമർശം ആയുധമാക്കി മുഹമ്മദ് റിയാസ്; തിരിച്ചടിച്ച് കെ മുരളീധരൻ, `കഴിഞ്ഞ 10 വർഷത്തെ റീൽസും 5 വർഷത്തെ വീണ മീട്ടലും ആണ് സർക്കാർ നേരിടുന്ന പ്രധാന പ്രശ്നം'
സ്ത്രീകൾക്ക് ഓർഡിനറിയിലെ സൗജന്യയാത്ര പദ്ധതി പ്രിയദർശിനിക്കെതിരായ ഹർജി തള്ളി ഹൈക്കോടതി