
കോഴിക്കോട്: എം മെഹബൂബിനെ കോഴിക്കോട് സിപിഎം ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുത്തു. വടകരയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. 47 അംഗ ജില്ലാ കമ്മിറ്റിയില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേര്‍ പുതുമുഖങ്ങളാണ്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം പൂര്‍ത്തിയാക്കിയ പി മോഹനന് പകരമാണ് പുതിയ ജില്ലാ സെക്രട്ടറിയായി എം മെഹബൂബ് എത്തുന്നത്. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനായ മെഹബൂബ് നിലവില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്.
പാർട്ടി പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഴുവന്‍ സമയ സാന്നിധ്യത്തില്‍ നടന്ന സമ്മേളനവും പുതിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പും കാര്യമായ അസ്വാരസ്യങ്ങളില്ലാതെയായിരുന്നു. 75 വയസ് പ്രായപരിധി പ്രകാരം മുതിര്‍ന്ന നേതാക്കളായ ടിപി ദാസന്‍, പി വിശ്വന്‍ എം ദാസന്‍ തുടങ്ങിയവര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നൊഴിവായി. പിഎസ്‍സി കോഴ വിവാദത്തില്‍ പ്രമോദ് കോട്ടൂളിക്കെതിരെ പരാതി ഉന്നയിച്ച കര്‍ഷക സംഘം നേതാവ് പ്രേംകുമാറിനെയും വടകരയിലെ വിഎസ് പക്ഷ നേതാവായി അറിയപ്പെട്ടിരുന്ന ദിവാകരനെയും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. പക്ഷേ ഇരുവരെയും ഒഴിവാക്കിയതിന്‍റെ കാരണമെന്തെന്ന് നേതാക്കള്‍ വ്യക്തമാക്കിയില്ല. തിരുവമ്പാടി എംഎല്‍എ ലിന്‍റോ ജോസഫ്, ഡിവൈഎഫ്ഐ ജില്ലാ നേതാക്കളായ പിസി ഷൈജു, എല്‍ജി ലീജീഷ്, വടകര നഗരസഭാ അധ്യക്ഷ കെപി ബിന്ദു തുടങ്ങിയവര്‍ പുതിയ ജില്ലാ കമ്മിറ്റിയിലെത്തി. കോണ്‍ഗ്രസ് വിട്ടു വന്ന കെപി അനില്‍കുമാറിനെയും ജില്ലാ കമ്മിറ്റിയില്‍ നിലനിര്‍ത്തി.
47 അംഗ ജില്ല കമ്മിറ്റിയില്‍ ആറ് വനിതകളുമുണ്ട്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പി മോഹനന്‍റെ ഭാര്യയും സംസ്ഥാന സമിതി അംഗവുമായ കെകെ ലതികയുടെ പേരും സജീവ പരിഗണനയില്‍ ഉണ്ടായിരുന്നു. ജമാ അത്തെ ഇസ്ലാമി അടക്കമുളള വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടത്തിനാകും മുഖ്യ പരിഗണനയെന്ന് പുതിയ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു. 24 -ാം വയസില്‍ അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റായ എം മെഹബൂബ് സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam