
കാസർകോട്: കാഞ്ഞങ്ങാട് ഏരിയ കമ്മറ്റി അംഗം എം രാഘവനെതിരെ നടപടിയുമായി സിപിഎം. കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി നടപടിക്ക് അംഗീകാരം നൽകുകയായിരുന്നു. വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് മങ്ങലേൽപ്പിക്കുന്ന പ്രവർത്തനം നടത്തിയെന്നാണ് പാർട്ടി വിലയിരുത്തൽ. പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നു എന്ന് ജില്ലാ കമ്മിറ്റിക്ക് രാഘവൻ കത്ത് നൽകിയിരുന്നു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരിക്കെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു രാഘവൻ.
ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലുള്ള അതൃപ്‌തിക്ക് പിന്നാലെയാണ് പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ച് രാഘവൻ ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകിയത്. ഒക്ടോബർ 15, 16 തീയതികളിൽ നടന്ന കാസർകോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് രാജിക്കത്ത് കൈമാറിയത്. കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തന്നെ എം. രാഘവന്‍റെ പേര് ജില്ലാ കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോൾ രാഘവനെ പരിഗണിച്ചില്ല. ക്ഷണിതാക്കളായി 6 അംഗങ്ങളെ ഉൾപ്പെടുത്തിയപ്പോൾ തന്നെ തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് രാജി. വളരെ ജൂനിയറായ ആളുകളെപ്പോലും ഉൾപ്പെടുത്തിയപ്പോൾ തന്നെ നേതൃത്വം അവഗണിച്ചതിൽ കടുത്ത നിരാശയിലാണ് ഇദ്ദേഹം. ഇതാണ് നേതൃത്വത്തോടുള്ള അതൃപ്‌തിക്ക് പ്രധാന കാരണമായതെന്നാണ് സൂചന. നേതൃത്വം തന്നെ അവഗണിച്ചെന്ന് രാഘവൻ ജില്ലാ കമ്മിറ്റിക്ക് നൽകിയ കത്തിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam