ശിവശങ്കറിൻ്റെ വീഴ്ച അവിശ്വസനീയം: തിരിച്ചടി നേരിടുന്നത് പിണറായിയുടെ വിശ്വസ്തൻ

Published : Jul 16, 2020, 08:47 PM ISTUpdated : Jul 16, 2020, 09:49 PM IST
ശിവശങ്കറിൻ്റെ വീഴ്ച അവിശ്വസനീയം: തിരിച്ചടി നേരിടുന്നത് പിണറായിയുടെ വിശ്വസ്തൻ

Synopsis

പതിറ്റാണ്ടുകൾ നീണ്ട സ‍ർവ്വീസ് കാലയളവിൽ അനാവശ്യവിവാദങ്ങൾക്ക് ഇടം കൊടുക്കാതെയാണ് ശിവശങ്ക‍ർ പ്രവ‍ർത്തിച്ചു പോന്നത്. എന്നാൽ സ്വ‍ർണക്കടത്ത് കേസിൽ പ്രതിരോധിക്കാൻ പോലും കാരണങ്ങളില്ലാതെ വിധം അദ്ദേഹം കുടുങ്ങുകയായിരുന്നു. 

തിരുവനന്തപുരം: ആഴ്ചകൾക്ക് മുൻപ് സംസ്ഥാന സർക്കാരിലെ ഏറ്റവും ശക്തമായ അധികാരകേന്ദ്രമായിരുന്ന ഉദ്യോഗസ്ഥനാണ് സർവ്വീസ് ചട്ടലംഘനങ്ങളുടെ പേരിൽ ഇന്ന് സസ്പെൻഷൻ നേരിട്ട എം.ശിവശങ്കർ. നായനാർ സർക്കാരിൽ പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലത്താണ് ശിവശങ്കരനും പിണറായി വിജയനും തമ്മിലുള്ള ബന്ധം ദൃഢമാകുന്നത്. 

കാലാവധി പൂർത്തിയാക്കാതെ പിണറായി അന്ന് അപ്രതീക്ഷതമായി പടിയിറങ്ങിയെങ്കിലും ശിവശങ്കരൻ പിണറായിയുമായുള്ള ബന്ധം തുടർന്നു. 2016-ൽ പിണറായി മുഖ്യമന്ത്രിയായി തിരികെ വന്നപ്പോൾ ഐടി വകുപ്പ് സെക്രട്ടറി സ്ഥാനം നൽകി ശിവശങ്കരനെ ഒപ്പം നി‍‍ർത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുട‍ർന്ന് നളിനി നെറ്റോ പടിയിറങ്ങിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയായി എം.ശിവശങ്കരൻ നിയമിക്കപ്പെട്ടത്. നേരത്തെ 2016-ൽ സ‍ർക്കാ‍ർ അധികാരമേൽക്കുമ്പോൾ അ​ദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി  നിയമിച്ചിരുന്നു. പിന്നീട് എംവി ജയരാജൻ എത്തിയപ്പോൾ ശിവശങ്കരൻ സ്ഥാനമൊഴിഞ്ഞു. 

പതിറ്റാണ്ടുകൾ നീണ്ട സ‍ർവ്വീസ് കാലയളവിൽ അനാവശ്യവിവാദങ്ങൾക്ക് ഇടം കൊടുക്കാതെയാണ് ശിവശങ്ക‍ർ പ്രവ‍ർത്തിച്ചു പോന്നത്. എന്നാൽ സ്വ‍ർണക്കടത്ത് കേസിൽ പ്രതിരോധിക്കാൻ പോലും കാരണങ്ങളില്ലാതെ വിധം അദ്ദേഹം കുടുങ്ങുകയായിരുന്നു. സ്വ‍ർണക്കടത്ത് കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതിന് പിന്നാലെ അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറി, ഐടി വകുപ്പ് സെക്രട്ടറി സ്ഥാനങ്ങളിൽ നിന്നും മാറ്റിയിരുന്നു. തുടർന്ന് ചീഫ് സെക്രട്ടറി സമ‍ർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഇപ്പോൾ സ‍ർവ്വീസിൽ നിന്നും പുറത്താക്കിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസം ശിവശങ്കരനെ ഏഴരമണിക്കൂറോളം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരായ അന്വേഷണ റിപ്പോർട്ട് എത്രയും പെട്ടെന്ന് സമ‍ർപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് നി‍ർദേശം ലഭിച്ചത്. ​സീനിയ‍ർ ഐഎഎസ് ഉദ്യോ​ഗസ്ഥൻ എന്ന നിലയിൽ ശിവശങ്കറിൻ്റെ ഭാ​ഗത്ത് നിന്നും ​ഗുരുതര വീഴ്ചകളുണ്ടായി എന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോ‍ർട്ടിൽ പരാമർശിക്കുന്നതെന്നാണ് സൂചന. ഈ റിപ്പോ‍ർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചത്. 

നേരത്തെ സ്പ്രി​ഗ്ള‍ർ വിവാദത്തിൽ പ്രതിപക്ഷവും ഇടതുമുന്നണിയിലെ സിപിഐ അടക്കമുള്ള ​ഘടകകക്ഷികളും ശിവശങ്കരനെതിരെ രം​ഗത്തു വന്നെങ്കിലും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നാൽ സ്വർണക്കടത്ത് കേസ് പ്രതികളുമായി ശിവശങ്കറിനുള്ള ബന്ധം തെളിയിക്കുന്ന വിവരങ്ങൾ പുറത്തു വന്നതോടെയാണ് ഇത്രയും കാലം സംരക്ഷിച്ച മുഖ്യമന്ത്രി തന്നെ അദ്ദേഹത്തിനെതിരെ രം​ഗത്തു വന്നത്. 

രാജ്യദ്രോഹക്കുറ്റം വരെ ആരോപിക്കപ്പെടുന്ന സ്വ‍ർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, സ്വപ്ന സുരേഷ് അടക്കമുള്ള സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, അരുൺ ബാലചന്ദ്രൻ അടക്കമുള്ളവരെ വഴി വിട്ടരീതിയിൽ ഐടി വകുപ്പിൽ നിയമിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോ‍ർട്ടിൽ ഉണ്ടായെന്നാണ് സൂചന. 

ശിവശങ്ക‍ർ സ്വന്തം നിലയിൽ തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നുവെന്ന് നേരത്തെ മറ്റു ഐഎഎസ് ഉദ്യോ​ഗസ്ഥരിൽ നിന്നും പാർട്ടിയിൽ നിന്നും വിമ‍ർശനമുണ്ടായെങ്കിലും മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എന്ന നിലയിൽ അദ്ദേഹത്തിന് വലിയ പ്രവ‍ർത്തന സ്വാതന്ത്ര്യം ലഭിച്ചിരുന്നു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എഡിഎം നവീൻ ബാബുവിന്റെ മരണം; 'ഉദ്യോ​ഗസ്ഥന്റെ രാഷ്ട്രീയം പരിശോധിക്കണം'; തുടരന്വേഷണം ആവ‌ശ്യപ്പെട്ട് ഹർജിയുമായി ഭാര്യ മഞ്ജുഷ, 19 ന് വാദം തുടങ്ങും
കടലിൽ നിന്ന് പിടിച്ച മീൻ ലേലത്തിൽ വിറ്റ് 1.17 ലക്ഷം രൂപ സർക്കാർ കൊണ്ടുപോയി, ഒപ്പം 2.5 ലക്ഷം പിഴയും; നിയമലംഘനത്തിന് തൃശ്ശൂരിൽ ബോട്ട് പിടികൂടി