
തിരുവനന്തപുരം: സ്വർണക്കടത്ത് സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിൽ നിൽക്കുന്നതിനിടെ കർശന നടപടി സ്വീകരിച്ച് പിണറായി വിജയന്‍. വിശ്വസ്തനായ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. മുൻ കണ്ണൂർ കളക്ടറായ മിർ മുഹമ്മദായിരിക്കും ഇനി മുഖ്യമന്ത്രിയുടെ സെക്രട്ടറി.
നേരത്തെ സ്പ്രിംക്സര്‍ വിവാദത്തിൽ സർക്കാരിനേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും പ്രതിക്കൂട്ടിലാക്കിയപ്പോൾ മുതൽ ഐടി സെക്രട്ടറി കൂടിയായ എം.ശിവശങ്കർ വിമർശനങ്ങളുടെ നടുവിലായിരുന്നു. ഇന്നലെ യുഎഇ കോൺസുലേറ്റിലേക്കെന്ന പേരിൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്കും അദ്ദേഹത്തിനും അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയതോടെ സർക്കാരും പാർട്ടിയും പ്രതിരോധത്തിലായിരുന്നു.
ഇതോടെയാണ് കടുത്ത നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദമുണ്ടായത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും ഐടി വകുപ്പ് സെക്രട്ടറിയായി എം.ശിവശങ്കർ തുടരും. 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ മിർ മുഹമ്മദ് 2016 മുതൽ മൂന്ന് കണ്ണൂർ കളക്ടറായി ജോലി ചെയ്തിരുന്നു. നിലവിൽ ശുചിത്വ മിഷൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam