
തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നാശ്യപ്പെട്ട് എം ഉമ്മര്‍ എംഎല്‍എ നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി. ഭരണഘടനയുടെ 179 -ാം അനുച്ഛേദം (സി) ഖണ്ഡപ്രകാരമാണ് നോട്ടീസ് നല്‍കിയത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗ് വഴി സ്വര്‍ണ്ണം കടത്തിയെന്ന അതീവ ഗുരുതരവും രാജ്യദ്രോഹപരവുമായ കേസിലെ പ്രതികളുമായി കേരള നിയമസഭാ സ്പീക്കർക്ക് വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവുമുണ്ടെന്നാണ് നോട്ടീസില്‍ ആരോപിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതിയുടെ വര്‍ക്ക് ഷോപ്പിന്റെ ഉദ്ഘാടനത്തിലും അതുമായി ബന്ധപ്പെട്ട ചടങ്ങുകളിലും നിയമസഭാ സ്പീക്കറുടെ സാന്നിദ്ധ്യം, സഭയ്ക്ക് അപകീര്‍ത്തികരവും പവിത്രവുമായ സഭയുടെ അന്തഃസ്സിനും ഔന്നിത്ത്യത്തിനും മാന്യതയ്ക്കും നിരക്കാത്തതുമാണെന്നും നോട്ടീസിൽ പറയുന്നു.
പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കേരള നിയമസഭാ സ്പീക്കര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിന് സഭ തീരുമാനിക്കണമെന്ന് നിയമസഭ സെക്രട്ടറിക്ക് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam