
കോഴിക്കോട്: ഇന്ത്യാ മുന്നണി സംവിധാനത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പിന്നില്‍ നിന്ന് കുത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട്. പിണറായിയെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു എന്ന രാഹുലിന്‍റെ പ്രസ്താവന അപക്വമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ മർമ പ്രധാനമായ പോയിന്‍റിലേക്ക് കടക്കാൻ അവർക്ക് സാധിക്കാതെ വന്നു. മൃദുഹിന്ദുത്വ നിലപാടാണെന്നും ഗോവിന്ദൻ വിമർശിച്ചു.
വടകരയിൽ യുഡിഎഫ് അശ്ലീലം ഉപകരണമാക്കിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇതിന് പിന്നിൽ യൂത്ത് കോണ്‍ഗ്രസ് നേതൃത്വമാണ്. ഷാഫി പറമ്പിൽ അറിയാതെ ആരും ഇത് ചെയ്യില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ കണ്ണൂർ പ്രസംഗത്തെ വിമർശിച്ച് ഗോവിന്ദൻ നേരത്തെയും രംഗത്തെത്തിയിരുന്നു. സംഘപരിവാറിനൊപ്പമാണ് താനെന്ന് തെളിയിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുൽ ചോദിച്ചത്. മുൻപ് കെജ്‌രിവാളിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് കോൺഗ്രസ് ചോദിച്ചിരുന്നുവെന്നും എം വി ഗോവിന്ദൻ ഓർമ്മിപ്പിച്ചു. രാഹുൽ വെറുതെ തെക്കും വടക്കും നടന്നിട്ട് കാര്യമില്ല. ആരെങ്കിലും എഴുതി കൊടുക്കുന്നത് വായിക്കുകയല്ല രാഹുൽ ചെയ്യേണ്ടത്. പിണറായിയെ ഏതു കേസിൽ അറസ്റ്റ് ചെയ്യണം എന്നാണ് രാഹുൽ പറയുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു.
അതിനിടെ വീഡിയോ വിവാദത്തില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ വക്കീല്‍ നോട്ടീസ് അയച്ചു. ഇരുപത്തിനാല് മണിക്കൂറിനകം വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയിലേക്ക് കടക്കുമെന്ന് ഷാഫി പറമ്പില്‍ അറിയിച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തനിക്കെതിരെ ആരോപണമുന്നയിച്ചെന്നും ഷാഫി പറഞ്ഞു. ഇതോടെ വടകരയില്‍ വീഡിയോ വിവാദത്തില്‍ പിന്നെയും പോര് മുറുകുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam