
കണ്ണൂര്‍: കരുവന്നൂരില്‍ പാർട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കരുവന്നൂരിൽ തെറ്റായ നിലപാട് ഉണ്ടായിട്ടുണ്ട്. എന്നാല്‍, എല്ലാം പരിഹരിച്ചിട്ടുമുണ്ടെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. ശരിയല്ലാത്ത നിലപാടിനെ ശരി എന്ന് പറയാനില്ല. സഹകരണ മേഖലയുടെ മുഖത്ത് ഒന്നുമെറ്റിട്ടില്ലെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയ കരുവന്നൂര്‍ തട്ടിപ്പില്‍ തൃശൂര്‍ ജില്ലയിലെ നേതാക്കളെ എം വി ഗോവിന്ദന്‍ താക്കീത് ചെയ്തിരുന്നു. പാര്‍ട്ടി പ്രതിസന്ധി നേരിടുമ്പോള്‍ പാർട്ടിയെയും നേതാക്കളെയും ഒറ്റുകൊടുക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും ഒറ്റക്കെട്ടായി നിൽക്കണമെന്നുമാണ് ഗോവിന്ദന്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ പറഞ്ഞത്. മുതിര്‍ന്ന നേതാക്കള്‍ക്കില്‍ നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തിയിരുന്നു.
കരുവന്നൂരിന് പിന്നാലെ മറ്റ് ബാങ്കുകളുടെയടക്കം പ്രവർത്തനങ്ങളിൽ ഉയർന്നിട്ടുള്ള ആരോപണങ്ങളിലും സെക്രട്ടേറിയേറ്റംഗങ്ങളിൽ നിന്നും ഗോവിന്ദൻ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. കരുവന്നൂർ കേസ് തെരഞ്ഞെടുപ്പിനെയും ബാധിക്കുമെന്ന വിലയിരുത്തലും സെക്രട്ടേറിയേറ്റ് യോഗത്തിലുണ്ടായി. എ സി മൊയ്തീനെതിരേയുള്ള അന്വേഷണത്തെ തത്കാലം ഒറ്റക്കെട്ടായി പ്രതിരോധിച്ചില്ലെങ്കിൽ വലിയ തിരിച്ചടി പാർട്ടിക്ക് ജില്ലയിലുണ്ടാകുമെന്നും യോഗം വിലയിരുത്തിയിരുന്നു.
ജില്ലയിൽ വിഭാഗീയത വീണ്ടും ശക്തമായിട്ടുണ്ടെന്നും നിലവിൽ അച്ചടക്കനടപടികളിലേക്ക് കടന്നാൽ കരുവന്നൂരിനേക്കാൾ വലിയ ക്ഷീണമാകുമെന്നും അതിനാൽ അച്ചടക്ക നടപടിക്ക് പകരം ശാസനയിലൊതുക്കാമെന്ന നിർദ്ദേശം യോഗത്തിലുയർന്നു. വിഭാഗീയതയിൽ നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പ് എം വി ഗോവിന്ദൻ യോഗത്തിൽ നേതാക്കളെ അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam