മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; പന്തീരാണ്ട് കാലം സുധാകരനെ കുഴലിലിട്ടാലും നേരെയാകില്ലെന്ന് എം വി ജയരാജൻ

By Web TeamFirst Published May 18, 2022, 1:18 PM IST
Highlights

പന്തീരാണ്ട് കാലം സുധാകരനെ കുഴലിലിട്ടാലും നേരെയാക്കാൻ കോൺഗ്രസിന് ആവില്ല. ജനങ്ങൾ ഇതിന് ബാലറ്റിലൂടെ മറുപടി നൽകുമെന്നും എം വി ജയരാജൻ കൂട്ടിച്ചേര്‍ത്തു.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെ (K Sudhakaran) വിവാദ പരാമര്‍ശത്തിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ (M V Jayarajan). പന്തീരാണ്ട് കാലം പട്ടിയുടെ വാൽ കുഴലിൽ ഇട്ടാൽ നേരെയാവില്ല. പന്തീരാണ്ട് കാലം സുധാകരനെ കുഴലിലിട്ടാലും നേരെയാക്കാൻ കോൺഗ്രസിന് ആവില്ലെന്ന് എം വി ജയരാജൻ വിമര്‍ശിച്ചു. ജനങ്ങൾ ഇതിന് ബാലറ്റിലൂടെ മറുപടി നൽകുമെന്നും എം വി ജയരാജൻ കൂട്ടിച്ചേര്‍ത്തു. കെ സുധാകരൻ നടത്തിയത് പദവിക്ക് നിരക്കാത്ത പ്രയോഗമാണെന്ന് എ വിജയരാഘവനും വിമര്‍ശിച്ചു.

മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന കെ സുധാകരന്‍റെ തൃക്കാക്കരയിലെ പരമാര്‍ശം വലിയ വിവാദം ആയിരുന്നു. മന്ത്രിമാരും സിപിഎം നേതാക്കളും കടുത്ത വിമര്‍ശനമാണ് സുധാകരനെതിരെ ഉന്നയിച്ചത്. പരാമര്‍ശത്തിനെതിരെ ഇടത് യുവജനസംഘടനകള്‍ സംസ്ഥാനത്തുടനീളം പ്രതിഷേധിച്ചു. സുധാകരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ ഇന്നലെ പറഞ്ഞത്. പരാതി ലഭിച്ചാല്‍ കേസെടുക്കാനായിരുന്നു പൊലീസിന്‍റെയും നീക്കം. പക്ഷേ സുധാകരന്‍ പരമാര്‍ശം പിന്‍വലിച്ചതോടെ പരാതി നല്‍കുന്നതില്‍ നിന്ന് സിപിഎം പിന്നോട്ട് പോയി. കെ സുധാകരനെതിരായ നിയമനടപടിയെ കുറിച്ച് ആലോചിച്ച് തീരുമാനം എടുക്കുമെന്നാണ് പി രാജീവ്‌ ഇന്ന് പറഞ്ഞത്. രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് തുടരുന്നത്. 

അതേസമയം, കെ സുധാകരന്‍ പരമാര്‍ശം പിന്‍വലിച്ചതോടെ വിവാദം അവസാനിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ മറുപടി. ഒരു വിഷയവും ഇല്ലാത്തത് കൊണ്ടാണ് സിപിഎം അനാവശ്യവിവാദമുണ്ടാക്കുന്നത് എന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതികരണം. തൃക്കാക്കരയിൽ സിപിഎമ്മിന് വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ് സുധാകരന്റെ വാക്കുകളെ ഉയർത്തി കൊണ്ട് വരുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. അടഞ്ഞ അധ്യായമാണെന്നും പരാമർശത്തിന് കാരണമായ സാഹചര്യം ഇന്നലെ തന്നെ സുധാകരൻ വിശദീകരിച്ചതാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.

Also Read : 'സുധാകരന്റേത് കണ്ണൂരുകാർ തമ്മിൽ സാധാരണ പറയുന്ന വാക്ക്, സിപിഎമ്മിന് തൃക്കാക്കരയിൽ മറ്റൊന്നും പറയാനില്ലേ'?സതീശൻ 

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമർശം. ഇത് വിവാദമായതോടെ വിശദീകരണവുമായി സുധാകരൻ തന്നെ രംഗത്തെത്തിയിരുന്നു. ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണ് എന്നത് ഞാന്‍ എന്നെക്കുറിച്ചും പറയാറുണ്ടെന്നും അത് യാത്രയെക്കുറിച്ചാണ് പറയുന്നതെന്നുമാണ് സുധാകരന്റെ വിദശീകരണം. മലബാറില്‍ സാധാരണയായി പറയുന്ന ഉപമ മാത്രമാണിതെന്നും സുധാകരന്‍ വിശദീകരിക്കുന്നു. തനിക്കെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനുമായിരുന്നു സുധാകരന്‍ ഇന്നലെ വെല്ലുവിളിച്ചത്. കേസെടുത്താല്‍ യുഡിഎഫ് അത് ആയുധമാക്കുമോ എന്നായിരുന്നു സിപിഎം സംശയം. അതാണ് പരാതി നല്‍കുന്നതിലെ പിന്നോട്ട് പോക്കിന് പ്രധാന കാരണം.

Also Read: മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചിട്ടില്ല; അങ്ങനെ തോന്നിയെങ്കിൽ ആ പരാമർശം പിൻവലിക്കുന്നെന്നും കെ സുധാകരൻ 

Also Read : 'സമനില നഷ്‌ടപ്പെട്ട കെപിസിസി പ്രസിഡന്റിന്‍റെ യഥാര്‍ത്ഥ സംസ്കാരം'; കെ സുധാകരനെതിരെ സിപിഎം

click me!