LJD| വിമതർക്ക് കാരണം കാണിക്കൽ നോട്ടീസ്; മറുപടി തൃപ്തികരമെങ്കിൽ പാർട്ടിയിൽ തുടരാമെന്ന് ശ്രേയാംസ് കുമാർ

By Web TeamFirst Published Nov 20, 2021, 5:47 PM IST
Highlights

വിമതർക്ക് മുന്നിൽ വാതിൽ അടയ്ക്കുന്നില്ല. എന്നാൽ അച്ചടക്ക ലംഘനം തുടരാനാണ് ശ്രമമെങ്കിൽ തുടർ നടപടികൾ ഉണ്ടാകുമെന്ന് ശ്രേയാംസ് കുമാർ വ്യക്തമാക്കി.

കോഴിക്കോട്: പാര്‍ട്ടിയില്‍ വിമതനീക്കം നടത്തിയ സുരേന്ദ്രന്‍ പിളളയ്ക്കും ഷേക്ക് പി ഹാരിസിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി എല്‍ജെഡി (Loktantrik Janata Dal) സംസ്ഥാന പ്രസിഡണ്ട് എം വി ശ്രേയാംസ് കുമാര്‍ (M V Shreyams Kumar). 48 മണിക്കൂറിനകം മറുപടി നല്‍കണമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടികള്‍ ഉടനുണ്ടാകുമന്നും ശ്രേയാംസ് കുമാര്‍ പറ‍‍ഞ്ഞു. എന്നാല്‍ മുന്നണിയുടെയും പാര്‍ട്ടിയിലെ ഭൂരിഭാഗത്തിന്‍റെയും പിന്തുണ അവകാശപ്പെട്ട ഷെയ്ക്ക് പി ഹാരിസും സുരേന്ദ്രന്‍ പിളളയും വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി.

നാളുകളായി എല്‍ജെഡിയില്‍ പുകയുന്ന ഭിന്നത പിളര്‍പ്പിലേക്ക് നീങ്ങുന്നു.തിരുവനന്തപുരത്ത് വിമത യോഗം ചേര്‍ന്നവരുടെ നടപടി അച്ചടക്ക ലംഘനമെന്ന് ഇന്ന് കോഴിക്കോട്ട് ചേര്‍ന്ന എല്‍ജെഡി ഭാരവാഹി യോഗം വിലയിരുത്തി. യഥാര്‍ത്ഥ എല്‍ജെഡി തങ്ങളെന്ന് അവകാശപ്പെട്ട് ഷെയ്ക്ക് പി ഹാരിസും സുരേന്ദ്രന്‍ പിളളയും ഇടതുമുന്നണി നേതാക്കളെ കണ്ട സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം യോഗത്തിലുയര്‍ന്നു. എന്നാല്‍ കടുത്ത നടപടി ഉടന്‍ വേണെന്ന നിലപാടാണ് വിമതരെ  ഒരു ഘട്ടത്തില്‍ പിന്തുപണച്ച കെപി മോഹനനും വര്‍ഗ്ഗീസ് ജോര്‍ജ്ജും സ്വീകരിച്ചത്. തുടര്‍ന്നാണ് ഇവരുള്‍പ്പെടെ ഒമ്പത് നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. ശ്രേയാംസ് കുമാര്‍  പ്രസിഡണ്ട് പദം ഒഴിയണമെന്ന ആവശ്യം യോഗം തളളുകയും ചെയ്തു.

എന്നാല്‍ ശ്രേയാംസ് പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളെന്നും നേതൃമാറ്റം എന്നത് പാര്‍ട്ടിയിലെ ഭൂരിഭാഗം പേരുടെയും ആവശ്യമെന്നും ഷേക്ക് പി ഹാരിസ് പറഞ്ഞു. വർഗീസ് ജോർജും കെ പി മോഹനനുമാണ് ആദ്യം നേതൃമാറ്റം എന്ന ആവശ്യം ഉന്നയിച്ചതെന്നും
ഷേഖ് പി ഹാരിസ് പറഞ്ഞു. പാർട്ടിയെ ജെ ഡി എസിൽ ലയിപ്പിക്കാനാണ് ശ്രേയാംസ് ശ്രമിക്കുന്നതെന്നും തെറ്റ് ചെയ്തത് ശ്രെയംസ് കുമാറാണെന്നുമായിരുന്നു സുരേന്ദ്രൻ പിള്ളയുടെ പ്രതികരണം.

വിമതയോഗത്തില്‍ പങ്കെടുത്ത തിരുവനന്തപുരം ആലപ്പുഴം മലപ്പുറം ജില്ലാ പ്രസിഡണ്ട് മാര്‍ക്ക് പുറമെ മറ്റ് നാല് ജില്ലാ പ്രസിഡണ്ടമാര്‍ കൂടി ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തില്ല. എന്നാല്‍ വിമതരൊഴികെ ബാക്കിയുളളവര്‍ നേരത്തെ അനുമതി വാങ്ങിയാണ് യോഗത്തിന് എത്താഞ്ഞതെന്ന് ശ്രേയാംസ് കുമാര്‍ പറ‍ഞ്ഞു. അതേസമയം, എല്‍ജെഡിയിലെ തര്‍ക്കം അവര്‍തന്നെ പരിഹരിക്കട്ടെയെന്ന നിലപാടിലാണ് ഇടതുമുന്നണി നേതൃത്വം.

click me!