105-ാം വയസിലും യുവാക്കളെ വെല്ലുന്ന ചെറുപ്പം! 'ഡിജിറ്റൽ' എം.എ അബ്ദുല്ല മൗലവിക്ക് മന്ത്രിയുടെ വക സമ്മാനം സ്മാർട്ട് ഫോൺ

Published : Aug 18, 2025, 07:59 PM IST
M B Rajesh

Synopsis

105-ാം വയസ്സിൽ ഡിജിറ്റൽ സാക്ഷരത നേടിയ എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, അശമന്നൂർ ഗ്രാമപഞ്ചായത്തിലെ ഓടക്കാലി സ്വദേശിയായ എം.എ അബ്ദുല്ല മൗലവി ബാഖവിയെ സന്ദർശിച്ച് മന്ത്രി എംബി രാജേഷ്. 

കൊച്ചി: യഥാർത്ഥ കേരള സ്റ്റോറിയുടെ നായകനാണ് എം.എ അബ്ദുല്ല മൗലവി ബാഖവിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. 105-ാം വയസ്സിൽ ഡിജിറ്റൽ സാക്ഷരത നേടിയ എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, അശമന്നൂർ ഗ്രാമപഞ്ചായത്തിലെ ഓടക്കാലി സ്വദേശിയായ എം.എ അബ്ദുല്ല മൗലവി ബാഖവിയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്ല മൗലവി കേരളത്തിന്റെ ആകെ അഭിമാനമാണ്. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുമ്പോൾ ആ മാറ്റത്തിന്റെ ചരിത്രനായകനായി അദ്ദേഹം മാറുന്നു.

105-ാo വയസ്സിൽ ഡിജിറ്റൽ സാക്ഷരത കൈവരിച്ച നിശ്ചയദാർഢ്യത്തെയും ഇച്ഛാശക്തിയെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പ്രായം ഒന്നിനും ഒരു തടസ്സമല്ല എന്ന് തെളിയിച്ചിരിക്കുകയാണ്. അതുപോലെ നൂറ്റിയഞ്ച് വയസ്സുള്ള ഒരാളെ കണ്ടെത്തി ഡിജിറ്റൽ സാക്ഷരതയിലേക്ക് എത്തിക്കാൻ കഴിഞ്ഞ കേരളത്തിന്റെ മികവും നമ്മുടെ തദ്ദേശ വകുപ്പ് സംവിധാനങ്ങളുടെ പ്രവർത്തനവും എടുത്തു പറയേണ്ടതാണ്. മാതൃകാപരമായ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയ അശമന്നൂർ ഗ്രാമപഞ്ചായത്തിനെ പ്രത്യേകം അഭിനന്ദിക്കുകയാണന്നും മന്ത്രി.

കേന്ദ്രമാനദണ്ഡം അനുസരിച്ച് 65 വയസ്സുവരെ ഉള്ളവരെ ഡിജിറ്റൽ സാക്ഷരരാക്കിയാൽ മതിയെന്നാണ്. എന്നാൽ 105 വയസ്സുള്ള അബ്ദുല്ല മൗലവിയെയും അവർ ഉപേക്ഷിച്ചില്ല. അദ്ദേഹവും ഉത്സാഹത്തോടെ അതിൽ പങ്കാളിയായി. ഇതാണ് കേരള മാതൃക എന്നും മന്ത്രി പറഞ്ഞു. അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വി.പി ശശീന്ദ്രൻ, മറ്റ് ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

അബ്ദുല്ല മൗലവിയെ സന്ദർശിക്കാൻ എത്തിയ മന്ത്രി എം.ബി രാജേഷ് വെറും കൈയോടെ അല്ല വന്നത്. സമ്മാനമായി ഒരു പുത്തൻ സ്മാർട്ട് ഫോണും കരുതിയിരുന്നു. ഇത്തരമൊരു കാര്യം അറിഞ്ഞപ്പോൾ നേരിട്ടത്തി അഭിനന്ദിക്കണം എന്ന് തോന്നിയത് കൊണ്ടാണ് താൻ ഇങ്ങോട്ട് വന്നത് എന്ന് അദ്ദേഹം അബ്ദുല്ലയോട് പറഞ്ഞു. ഈ പ്രായത്തിൽ ഈ അറിവ് നേടിയ വേറെ അധികം പേര് കാണില്ലെന്നും ഇപ്പോൾ കേരളത്തിൽ എല്ലാവർക്കും അബ്ദുല്ല മൗലവിയെ അറിയാമെന്നും മന്ത്രി പറഞ്ഞു.

എന്തൊക്കെ ഫോണിൽ ചെയ്യാൻ പഠിച്ചു എന്നും പഠനം എളുപ്പമായിരുന്നോ എന്നും മന്ത്രി തിരക്കി. എല്ലാം എളുപ്പമായിരുന്നു എന്നായിരുന്നു അബ്ദുല്ലയുടെ മറുപടി. പിന്നീട് യുടൂബ് ഉൾപ്പെടെ ഉപയോഗിക്കുന്നത് മന്ത്രിയ്ക്ക് അദ്ദേഹം കാണിച്ചു നൽകി. വിദേശത്തുള്ള കൊച്ചു മകനെ വീഡിയോ കോളും വിളിച്ചു. ഒടുവിൽ മടങ്ങുന്നതിനു മുമ്പാണ് മന്ത്രി സമ്മാനമായി സ്മാർട്ട് ഫോൺ അദ്ദേഹത്തിന് നൽകിയത്. ഏറെ സന്തോഷമെന്നും പുതിയ ഫോണിൽ മന്ത്രിയെ വിളിക്കാമെന്നും അബ്ദുല്ല പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്