
പത്തനംതിട്ട: തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിവാദ പരാമർശങ്ങളിൽ നിലപാട് വ്യക്തമാക്കി സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. സി പി എം വിട്ട് യു ഡി എഫ് പിന്തുണയോടെ മത്സരിക്കുന്ന ജി സുധാകരനെതിരായ 'ചെറ്റത്തരം' പ്രയോഗത്തലും പൊതുയോഗത്തിനിടെ ചോദ്യം ചോദിച്ചയാളോടുള്ള 'വീട്ടിൽ പോയി ചോദിക്ക്' പ്രയോഗത്തിലുമാണ് ബേബി പ്രതികരിച്ചത്. ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടെന്നും അതിനനുസരിച്ചാകും വാക്കുകൾ പ്രയോഗിക്കുകയെന്നുമാണ് ബേബി പറഞ്ഞത്. പിണറായിക്ക് ഒരു പ്രവർത്തനശൈലി ഉണ്ട്. അത് അച്ചടക്കത്തിന്‍റേതാണ്. പക്ഷേ പൊതു ജനങ്ങളോട് പെരുമാറുമ്പോൾ സൂക്ഷ്മതയും കരുതലും വേണം. ഇത് എല്ലാവർക്കും ബാധകമാണ്. അപ്പോഴും ഓരോരുത്തർക്കും അവരവരുടെ ശൈലി ഉണ്ടെന്നും ബേബി വിവരിച്ചു. ജി സുധാകരനെതിരായ പിണറായിയുടെ ചെറ്റത്തരം പ്രയോഗം വ്യക്തിയെ അല്ല, വ്യക്തിയുടെ നിലപാടിനെയാണ് വിമർശിച്ചതെന്നും സി പി എം ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടാണ് ബേബി പ്രതികരിച്ചത്.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഉന്നയിക്കുന്ന ബി ജെ പി - സിപിഎം അന്തർധാര ആരോപണം വെറും പച്ചക്കള്ളമാണെന്നും ബേബി വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ആർ എസ് എസിനെതിരെ ഇന്ത്യ ബ്ലോക്കിന്റെ ഭാഗമായി യോജിച്ച നീക്കമാണ് സി പി എം ആഗ്രഹിക്കുന്നത്. എന്നാൽ ചില സംസ്ഥാനങ്ങളിൽ രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം പരസ്പരം മത്സരിക്കേണ്ടി വരും. ഇത് ബി ജെ പിക്ക് ഗുണകരമാകാത്ത രീതിയിലായിരിക്കണം കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വസ്തുതകളില്ലാത്ത വ്യാജ ആരോപണങ്ങളാണ് കോൺഗ്രസിന്‍റെ ഉന്നത നേതാക്കൾ ഇപ്പോൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ത്രിപുരയിലും അരുണാചൽ പ്രദേശിലും ബി ജെ പി അധികാരത്തിൽ വരാൻ കാരണം കോൺഗ്രസ് വോട്ടുകൾ ബി ജെ പിയിലേക്ക് പോയതാണെന്ന് എം എ ബേബി കുറ്റപ്പെടുത്തി. കോൺഗ്രസ് ആയി നിന്നവർ തൃണമൂൽ വഴി ബി ജെ പി ആയി മാറുന്ന കാഴ്ചയാണ് ത്രിപുരയിൽ കണ്ടത്. കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ സി പി എമ്മിനെ വർഗീയ പാർട്ടിയായി ചിത്രീകരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. നേമം മണ്ഡലത്തിൽ ബി ജെ പിയുടെ അക്കൗണ്ട് പൂട്ടിച്ചത് സി പി എമ്മാണ്. കോൺഗ്രസ് വോട്ടുകൾ മറിഞ്ഞതുകൊണ്ടാണ് മുൻപ് അവിടെ താമര വിരിഞ്ഞതെന്നും ഇത്തരം കണക്കുകൾ കൂട്ടാൻ രാഹുൽ ഗാന്ധിക്ക് അറിയില്ലേയെന്നും അദ്ദേഹം പരിഹസിച്ചു. തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചതിന് പിന്നിൽ കോൺഗ്രസിന്റെ സഹായമുണ്ടായിരുന്നുവെന്നും എം എ ബേബി പറഞ്ഞു. 600 രൂപ കുടിശിക വരുത്തിയവരാണ് 3000 രൂപ നൽകാമെന്ന് ഗ്യാരണ്ടി നൽകി ജനങ്ങളെ പറ്റിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം, തിരുവനന്തപുരം കോർപ്പറേഷനുകളിൽ കോൺഗ്രസ് - ബി ജെ പി കൂട്ടുകെട്ടുണ്ടായിരുന്നു. ഇതിന്‍റെ ഫലമാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. ഇത്തരം അവിശുദ്ധ സഖ്യങ്ങളുണ്ടാക്കുന്ന കോൺഗ്രസ് ആണ് ഇപ്പോൾ സിപിഎമ്മിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തുന്നതെന്നും ബേബി ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam