കോൺഗ്രസ് വോട്ട് മറിഞ്ഞ് താമര വിരിഞ്ഞു, ആ കണക്ക് കൂട്ടാൻ രാഹുലിന് അറിയില്ലേ? ഖർഗെക്കും വസ്തുത അറിയില്ല; 'ബിജെപി ഡീൽ' ആരോപണം നനഞ്ഞ പടക്കമെന്നും ബേബി

Published : Mar 26, 2026, 01:01 PM ISTUpdated : Mar 26, 2026, 01:05 PM IST
ma baby

Synopsis

സിപിഎം-ബിജെപി അന്തർധാര ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് എം എ ബേബി. ത്രിപുരയിലും കേരളത്തിലെ നേമത്തും തൃശൂരിലും കോൺഗ്രസ് വോട്ടുകൾ മറിഞ്ഞാണ് ബിജെപി വിജയിച്ചതെന്നും ഇത്തരം കണക്കുകൾ രാഹുൽ ഗാന്ധിക്ക് അറിയില്ലേയെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസാണ് പലയിടത്തും ബിജെപിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കുന്നതെന്നും ബേബി ആരോപിച്ചു

പത്തനംതിട്ട: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഉന്നയിക്കുന്ന ബി ജെ പി - സിപിഎം അന്തർധാര ആരോപണം വെറും പച്ചക്കള്ളമാണെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. പത്തനംതിട്ടയിൽ വാർത്താ സമ്മേളനത്തിൽ രാഹുലിനും ഖർഗെക്കുമെതിരെ ബേബി രൂക്ഷ വിമർശനമാണ് അഴിച്ചുവിട്ടത്. ആർ എസ് എസിനെതിരെ ഇന്ത്യ ബ്ലോക്കിന്റെ ഭാഗമായി യോജിച്ച നീക്കമാണ് സി പി എം ആഗ്രഹിക്കുന്നത്. എന്നാൽ ചില സംസ്ഥാനങ്ങളിൽ രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം പരസ്പരം മത്സരിക്കേണ്ടി വരും. ഇത് ബി ജെ പിക്ക് ഗുണകരമാകാത്ത രീതിയിലായിരിക്കണം കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വസ്തുതകളില്ലാത്ത വ്യാജ ആരോപണങ്ങളാണ് കോൺഗ്രസിന്‍റെ ഉന്നത നേതാക്കൾ ഇപ്പോൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസ് വോട്ട് മറിഞ്ഞ് താമര വിരിഞ്ഞു

ത്രിപുരയിലും അരുണാചൽ പ്രദേശിലും ബി ജെ പി അധികാരത്തിൽ വരാൻ കാരണം കോൺഗ്രസ് വോട്ടുകൾ ബി ജെ പിയിലേക്ക് പോയതാണെന്ന് എം എ ബേബി കുറ്റപ്പെടുത്തി. കോൺഗ്രസ് ആയി നിന്നവർ തൃണമൂൽ വഴി ബി ജെ പി ആയി മാറുന്ന കാഴ്ചയാണ് ത്രിപുരയിൽ കണ്ടത്. കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ സി പി എമ്മിനെ വർഗീയ പാർട്ടിയായി ചിത്രീകരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. നേമം മണ്ഡലത്തിൽ ബി ജെ പിയുടെ അക്കൗണ്ട് പൂട്ടിച്ചത് സി പി എമ്മാണ്. കോൺഗ്രസ് വോട്ടുകൾ മറിഞ്ഞതുകൊണ്ടാണ് മുൻപ് അവിടെ താമര വിരിഞ്ഞതെന്നും ഇത്തരം കണക്കുകൾ കൂട്ടാൻ രാഹുൽ ഗാന്ധിക്ക് അറിയില്ലേയെന്നും അദ്ദേഹം പരിഹസിച്ചു.

തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചതിന് പിന്നിൽ കോൺഗ്രസിന്റെ സഹായമുണ്ടായിരുന്നുവെന്നും എം എ ബേബി പറഞ്ഞു. 600 രൂപ കുടിശിക വരുത്തിയവരാണ് 3000 രൂപ നൽകാമെന്ന് ഗ്യാരണ്ടി നൽകി ജനങ്ങളെ പറ്റിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം, തിരുവനന്തപുരം കോർപ്പറേഷനുകളിൽ കോൺഗ്രസ് - ബി ജെ പി കൂട്ടുകെട്ടുണ്ടായിരുന്നു. ഇതിന്‍റെ ഫലമാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. ഇത്തരം അവിശുദ്ധ സഖ്യങ്ങളുണ്ടാക്കുന്ന കോൺഗ്രസ് ആണ് ഇപ്പോൾ സിപിഎമ്മിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തുന്നതെന്നും ബേബി ചൂണ്ടിക്കാട്ടി. ജി സുധാകരനെതിരായ പിണറായിയുടെ ചെറ്റത്തരം പ്രയോഗത്തിലും സി പി എം ജനറൽ സെക്രട്ടറി പ്രതികരണം നടത്തി. ഓരോരുത്തർക്കും ഓരോ ഭാഷ ഉണ്ടെന്നും വ്യക്തിയെ അല്ല വ്യക്തിയുടെ നിലപാടിനെയാണ് മുഖ്യമന്ത്രി വിമർശിച്ചതെന്നായിരുന്നു ബേബി പറഞ്ഞത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പത്തനംതിട്ടയിലെ സിപിഎം നേതാവ് അഡ്വ.ആർ.കൃഷ്ണകുമാർ മുസ്‌ലിംലീഗില്‍ ചേര്‍ന്നു,സത്യസന്ധമായ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നത് കൊണ്ടെന്ന് വിശദീകരണം
തൃശൂരിലെ അക്യുപങ്ചർ മരണം: 'മുഹ്സിനയുടെയും കുട്ടികളുടെയും മരണം ചികിത്സ നൽകാതെയുള്ള കൊലപാതകം', അന്വേഷണം വേണമെന്ന് കുടുംബം