
കണ്ണൂര്‍: നൂറിലേറെ പേർക്ക് കൊവിഡ് ബാധിച്ച് പ്രതിസന്ധിയിലായ കണ്ണൂരിലെ അഗതിമന്ദിരത്തിന് എം എ യൂസഫലിയുടെ സഹായമെത്തി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ ലുലു ഗ്രൂപ്പ് പത്ത് ലക്ഷം രൂപ പേരാവൂരിലെ കൃപാലയത്തിലെത്തി കൈമാറി. അഗതിമന്ദിരം സിഎഫ്ൽടിസിയാക്കി മാറ്റി എല്ലാവർക്കും വൈദ്യ സഹായം ഉറപ്പാക്കിയെന്ന് ജില്ലാ കളക്ടറും അറിയിച്ചു.
തെരുവിൽ അലയുന്നവർ, ആരോരും ഇല്ലാത്ത പ്രായമായവർ, മാനസീക വെല്ലുവിളി നേരിടുന്നവർ, രോഗികൾ ഇങ്ങനെ സമൂഹത്തിന്‍റെ കരുതൽ വേണ്ട ആളുകളെ പാർപ്പിക്കുന്ന ഇടമാണ് പേരാവൂർ തെറ്റുവഴിയിലെ കൃപാഭവനം. 234 അന്തേവാസികളുള്ള ഇവിടെ നൂറിലേറെ പേർക്ക് കൊവിഡ് ബാധിക്കുകയും അഞ്ച് പേർ മരിക്കുകയും ചെയ്തിട്ടും സർക്കാർ ഇടപെടൽ ഉണ്ടായില്ലെന്ന വാർത്തയ്ക്ക് പിന്നാലെ ആശ്വാസമെത്തി. ഭക്ഷണവും മരുന്നും കിട്ടാത്ത സാഹചര്യമുണ്ടെന്ന വാർത്തയയറിഞ്ഞ് വ്യവയായി എം എ യൂസഫലി പ്രശ്നത്തിൽ ഇടപെട്ടു. പത്ത് ലക്ഷം രൂപ ലുലൂ ഗ്രൂപ്പ് പ്രതിനിധി അഗതി മന്ദിരത്തിലെത്തി കൈമാറി.
കൃപാലയത്തിൽ സൗകര്യങ്ങളൊരുക്കുന്നതിന് പണം ചിലവഴിക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി എം വി സന്തോഷ് അറിയിച്ചു. വാർത്ത ചർച്ചയായതോടെ ജില്ല ഭരണകൂടവും അടിയന്തിര നടപടികൾ തുടങ്ങി. കൃപാലയം സിഎഫ്എൽടിസിയായി പ്രഖ്യാപിച്ച് മുഴുവൻ പേരെയും കൊവിഡ് ടെസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേകം കൗൺസിലിംഗും നൽകി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona