
കല്‍പറ്റ: ചെങ്കുത്തായ പ്രദേശത്തുണ്ടായിരുന്ന സ്വാഭാവിക പ്രകൃതിയെ നശിപ്പിച്ചതാണ് വയനാട് പുത്തുമലയിലെ മണ്ണിടിച്ചില്‍ ദുരന്തത്തിന് കാരണമെന്ന് പ്രൊഫ. മാധവ് ഗാഡ്‍ഗില്‍ അഭിപ്രായപ്പെട്ടു. പുത്തുമലയില്‍ സംഭവിച്ചത് സാധാരണ മണ്ണിടിച്ചിലല്ല, മറിച്ച് സോയില്‍ പൈപ്പിംഗ് പ്രതിഭാസമാണെന്ന ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുടെ റിപ്പോർട്ടിനെ മാധവ് ഗാഡ്‍ഗില്‍ തള്ളി.
പുത്തുമല പോലെയുള്ള ചെങ്കുത്തായ പ്രദേശങ്ങളിലെ മണ്ണിനെ ഉറപ്പിച്ചു നിർത്തുന്നത് അവിടുത്തെ സ്വാഭാവിക സസ്യങ്ങളും മരങ്ങളുമാണ്. അതിനെ നശിപ്പിച്ചാല്‍ മണ്ണിന്‍റെ ഉറപ്പ് കുറയും. തോട്ടങ്ങള്‍ക്കായി മണ്ണ് വെട്ടി നിരപ്പാക്കിയതും, അശാസ്ത്രീയമായ വീട് നിർമാണവും എല്ലാം ദുരന്തത്തിന് കാരണമായിട്ടുണ്ടെന്നും മാധവ് ഗാഡ്‍ഗില്‍ പറഞ്ഞു. വിദഗ്ധരെന്ന് വിശേഷിപ്പിക്കുന്നവരെ, നിർഭാഗ്യവശാല്‍ കണ്ണടച്ച് വിശ്വസിക്കാന്‍ സാധിക്കില്ല. പണത്തിന് വേണ്ടി എന്തും പറയുകയും എഴുതുകയും ചെയ്യുന്നവരായി അവർ മാറിയെന്നും മണ്ണ് സംരക്ഷണ ഓഫീസറുടെ റിപ്പോർട്ടിനെ പരാമര്‍ശിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.
ദുരന്തഭൂമി സന്ദർശിച്ചശേഷം കല്‍പറ്റയില്‍ പൊതുചടങ്ങില്‍ പ്രസംഗിച്ച മാധവ് ഗാഡ്‍ഗിലിനെ കേള്‍ക്കാന്‍ ഗാഡ്‍ഗില്‍ കമ്മറ്റി റിപ്പോർട്ടിന്‍റെ രൂക്ഷ വിമർശകരടക്കം നൂറുകണക്കിന് ആളുകളാണ് എത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam