
തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന സിപിഎം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മംഗലപുരം പൊലീസ് കേസെടുത്തു. സിപിഎം മംഗലപുരം നേതൃത്വത്തിൻ്റെ പരാതിയിലാണ് നടപടി. ഏരിയാ സമ്മേളനത്തിൻ്റെ ഫണ്ട് തട്ടിയെടുത്തെന്ന് ആരോപിച്ച് തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ഡിസംബർ ഒന്നിനാണ് ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശേരി ഏരിയാ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയത്. തുടർന്ന് ബി ജെ പിയിൽ ചേർന്ന മധുവിനെതിരെ സിപിഎം പൊലീസിൽ പരാതി നൽകിയിരുന്നു. ഏരിയാ സമ്മേളന നടത്തിപ്പിനായി 129 ബ്രാഞ്ചുകൾ 2500 രൂപ വീതം പിരിച്ച് 3.25 ലക്ഷം രൂപ ലോക്കൽ കമ്മിറ്റി വഴി ഏരിയാ സെക്രട്ടറിയായ മധുവിന് നൽകിയിരുന്നു. ഇതു കൂടാതെ പല വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മധു ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയെന്നും പരാതിയിൽ ആരോപിച്ചിരുന്നു. പോത്തൻകോട് നടന്ന സമ്മേളത്തിന് മൈക്ക് സെറ്റ്, പന്തൽ, അലങ്കാരം തുടങ്ങിയവയ്ക്ക് ബാക്കി നൽകേണ്ട പണം നൽകിയില്ലെന്ന് കരാറുകാർ സിപിഎം നേതൃത്വത്തോട് പരാതിപ്പെട്ടതിന് പിന്നാലെയാണ് സിപിഎം ഏരിയാ സെക്രട്ടറി ജലീൽ ആറ്റിങ്ങൽ ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്. ഇതിന് ശേഷം മംഗലപുരം ഏരിയാ കമ്മിറ്റിയിലെ 10 ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും മംഗലപുരം പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ ഈ പരാതിയിലൊന്നും പൊലീസ് കേസെടുത്തില്ല. ഇതോടെ സിപിഎമ്മിൻ്റെ ഭാഗത്ത് നിന്ന് ശക്തമായ സമ്മർദ്ദമുണ്ടായെന്നും ഇതോടെയാണ് കേസെടുത്തത് എന്നുമാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam