
കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. അഡീ. ജില്ലാ മജിസ്ട്രേറ്റ് കെ ചന്ദ്രശേഖരൻ നായർക്കാണ് അന്വേഷണ ചുമതല. സഭവത്തില്‍ പിഡബ്ലുഡി, ജല അതോറിറ്റി എന്നിവരോട് കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. പൈപ്പ് ലൈനിലെ ചോർച്ച പരിഹരിച്ച് റോഡ് അടിയന്തരമായി പൂർവ സ്ഥിതിയിലാക്കാനും വകുപ്പുകൾക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് അപ്രതീക്ഷിതമായി റോഡിനോട് ചേർന്ന കുഴിയിൽ വീണപ്പോൾ പിന്നാലെ വന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. അറ്റകുറ്റപണികൾക്ക് വേണ്ടി ജല അതോറിറ്റി എട്ട് മാസം മുമ്പാണ് കുഴിയെടുത്തത്. കുഴി അടയ്ക്കണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥർ അലംഭാവം തുടരുകയായിരുന്നു.
സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. യദുലാലിന്റെ മരണത്തിൽ പ്രതിഷേധിച്ച് പറവൂര്‍-വരാപ്പുഴ റോഡ് നാട്ടുകാർ ഉപരോധിച്ചു. അപകടമുണ്ടായ പാലാരിവട്ടം ഇടപ്പള്ളി റോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലും ഉപരോധം നടന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam