
മുംബൈ: മഹാരാഷ്ട്രയിൽ ത്രികക്ഷി സഖ്യസർക്കാരിൽ ഭിന്നത പരസ്യമാകുന്നു. ശിവസേനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം കൂട്ടത്തോടെ രംഗത്ത്. കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ ശിവസേന ധൈര്യം കാണിക്കരുതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ബാലാ സാഹേബ് തോറാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സോണിയ ഗാന്ധിക്ക് പകരം ശരദ് പവാറിനെ യുപിഎ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നായിരുന്നു മുഖപത്രമായ സാമ്‌നയിലൂടെ സേന ആവശ്യപ്പെട്ടത്. ഒപ്പം രാഹുൽ ഗാന്ധിക്ക് കോൺഗ്രസിനെ നയിക്കാനാകില്ലെന്നും ലേഖനത്തിൽ പറഞ്ഞു. ഇതേ തുടർന്ന് മുംബൈയിൽ പാർട്ടി സ്ഥാപക ദിനത്തിൽ നടന്ന പൊതു യോഗത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം എതിർപക്ഷത്തെ പാർട്ടിയോടെന്ന പോലെ ശിവസേനയ്ക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചു..
ആദ്യം കരുതലോടെ പ്രതികരിച്ച മുതിർന്ന നേതാക്കളും സ്വരം കടുപ്പിച്ചു. രാഹുലിന് സ്ഥിരതയില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ നടത്തിയ പ്രസ്താവനയും കോൺഗ്രസിനെ ചൊടിപ്പിച്ചിരുന്നു. ആ പ്രസ്താവന ഉപദേശമായി കണ്ടാൽ മതിയെന്നായിരുന്നു പവാറിന്റെ വിശദീകരണം.യുപിഎ അധ്യക്ഷ സ്ഥാനത്തേക്ക് ശരദ് പവാറിനെ നിർദ്ദേശിച്ച് സേനാ നേതാവ് സഞ്ജയ് റാവത്ത് തുടങ്ങിയ വിവാദങ്ങളിൽ നിന്നും പവാർ ഒഴിഞ്ഞ് മാറി. എന്നിട്ടും സേന അതേ ആവശ്യവുമായി മുന്നോട്ട് പോവുന്നത് സംശയത്തോടെയാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam