
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്മാരെ ഈ മാസം 15 ഓടെ തെരഞ്ഞെടുക്കും. കേരളത്തിലും മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. ജനുവരി അവസാനത്തോടെ ദേശീയ അധ്യക്ഷനെയും തെരഞ്ഞെടുത്ത് അഴിച്ചുപണി പൂര്‍ത്തിയാക്കാനാണ് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം.
പുതുവര്‍ഷത്തില്‍ താഴേ തട്ട് മുതല്‍ അഴിച്ചുപണിത് സമൂലമായ മാറ്റത്തിനാണ് ബിജെപി ഒരുങ്ങുന്നത്. സംസ്ഥാന അധ്യക്ഷന്മാരുടെ തെരഞ്ഞടുപ്പിനായി കേന്ദ്ര മന്ത്രിമാരടക്കം നേതാക്കള്‍ക്ക് ചുമതല നല്‍കി കഴിഞ്ഞു. 11 കേന്ദ്രമന്ത്രിമാര്‍ 3 സഹമന്ത്രിമാര്‍ 5 ജനറൽ സെക്രട്ടറമാര്‍ എന്നിവരെ തെരഞ്ഞെടുപ്പ് ചുമതലയുമായി ഉടന്‍ സംസ്ഥാനങ്ങളിലേക്കയക്കും. കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിക്കാണ് കേരളത്തിന്‍റെ ചുമതല. 60 ശതമാനം സംസ്ഥാന അധ്യക്ഷന്മാരുടെയും കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ കേരളത്തിലും മാറ്റമുണ്ടാകുമെന്നാണ് ദേശീയ നേതാക്കള്‍ നല്‍കുന്ന സൂചന. അമിത്ഷായെ കണ്ട് ശോഭാ സുരേന്ദ്രന്‍ ഫെയ്സ് ബുക്ക് പോസ്റ്റിട്ടതോടെ ചര്‍ച്ച സജീവമായിട്ടുണ്ട്. സുരേന്ദ്രനെ മാറ്റിയാല്‍ എംടി രമേശ്, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയ നേതാക്കളുടെ പേരുകളാണ് പരിഗണനയിലുള്ളത്.
ഗ്രൂപ്പിനതീതമായി പരിഗണിക്കപ്പെട്ടാല്‍ രാജീവ് ചന്ദ്രശേഖറിന്‍റെ പേരിനാണ് മുന്‍തൂക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രകടനം മെച്ചപ്പെടുത്തണമെന്ന കര്‍ശന നിര്‍ദ്ദേശം കേരളത്തിലെ നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. നൂറ് പഞ്ചായത്തുകളും, തിരുവനന്തപുരം തൃശൂര്‍ കോര്‍പ്പറേഷനുകളുമാണ് ടാര്‍ഗറ്റായി നല്‍കിയിരിക്കുന്നത്. ഈ മാസം പതിനഞ്ചോടെ സംസ്ഥാനങ്ങളിലെ പുനസംഘടന പൂര്‍ത്തിയായാല്‍ ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. പകുതിയെങ്കിലും സംസ്ഥാന അധ്യക്ഷന്മാരെ നിശ്ചയിച്ച് കഴിഞ്ഞാല്‍ ദേശീയ അധ്യക്ഷനെ തീരുമാനിക്കാം. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, നിര്‍മ്മല സീതാരാമന്‍, ശിവരാജ് സിംഗ് ചൗഹാന്‍ , ജനറല്‍സെക്രട്ടറി വിനോദ് താവ്ഡേ എന്നിവരാണ് സജീവ പരിഗണനയിലുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam