മകരവിളക്ക് ദിവസം ശബരിമലയിൽ തിരക്ക് നിയന്ത്രിക്കും, പമ്പയിൽ നിന്ന് പ്രവേശനം ഉച്ചയ്ക്ക് 12 വരെ മാത്രം

By Web TeamFirst Published Jan 11, 2023, 3:15 PM IST
Highlights

പൊലീസ്, ആർ എ എഫ്, എൻ ഡി ആർ എഫ്, റവന്യൂ സംയുക്ത സംഘം വിവിധ പോയിന്റുകളിൽ പരിശോധന നടത്തി. ചിലയിടങ്ങളിൽ കൂടുതൽ ബാരിക്കേഡുകളും ലൈറ്റുകളും സ്ഥാപിക്കാനും നിർദ്ദേശം നൽകി

പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ തീരുമാനം. പ്രവേശനം ഉച്ചയ്ക്ക് 12 വരെ മാത്രമായി നിജപ്പെടുത്തി. 12 ന് ശേഷം യാതൊരു കാരണവശാലും ഭക്തരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല. തിരക്ക് നിയന്ത്രിക്കാൻ വൻ സന്നാഹമാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

കൊവിഡ് കാലത്തിന് ശേഷമുള്ള മകരവിളക്ക് മഹോത്സവത്തിന് റെക്കൊർഡ് തീർത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. മകരജ്യോതി ദർശിക്കുന്നതിന് ഭക്തർ ഇപ്പോൾ തന്നെ സ്ഥലം പിടിച്ചു തുടങ്ങി. തീർത്ഥാടകർക്ക് സുഖകരമായ ദർശനവും സുരക്ഷയും ഒരുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. തീർത്ഥാടകർ കൂടുതലായി നിൽകുന്ന പാണ്ടിത്താവളം, മാഗുംണ്ട, അയ്യപ്പനിലയം തുടങ്ങിയ പോയിന്റുകളിലെല്ലാം മതിയായ സുരക്ഷ ഉറപ്പുവരുത്തും.

പൊലീസ്, ആർ എ എഫ്, എൻ ഡി ആർ എഫ്, റവന്യൂ സംയുക്ത സംഘം വിവിധ പോയിന്റുകളിൽ പരിശോധന നടത്തി. ചിലയിടങ്ങളിൽ കൂടുതൽ ബാരിക്കേഡുകളും ലൈറ്റുകളും സ്ഥാപിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കിയിൽ മകരവിളക്ക് കാണാൻ കഴിയുന്ന മൂന്നിടങ്ങളിലും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ റേഞ്ച് ഐജിയും ഡിഐജിയും പുല്ലുമേട്, പാഞ്ചാലിമേട് പരുന്തുംപാറ എന്നിവിടങ്ങളിലെത്തി പരിശോധന നടത്തി. 102 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു ശേഷമാണ് മകരജ്യോതി കാണാൻ പുല്ലുമേട്ടിലേക്കെത്തുന്നവരുടെ എണ്ണം കുറഞ്ഞത്.  ദുരന്തത്തിനു മുൻപ് വരെ മകരവിളക്ക് കാണാൻ ഒരു ലക്ഷത്തിലധികം പേരാണ് പല്ലുമേട്ടിൽ തമ്പടിച്ചിരുന്നത്. 

രണ്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് പല്ലുമേട്ടിലേക്ക് ഇത്തവണ ആളുകളെ കടത്തി വിടുന്നത്. അതിനാൽ  പരമാവധി പതിനായിരം പേരെത്തുമെന്നാണ് കണക്കൂ കൂട്ടൽ.  ഇത് മുന്നിൽ കണ്ടുള്ള ഒരുക്കങ്ങളാണ് ജില്ല ഭരണകൂടത്തിൻറെ നേതൃത്വത്തിൽ ക്രമീകരിക്കുന്നത്.  റെയ്‍ഞ്ച് ഐജി സ്പർജൻ കുമാർ പരുന്തുംപാറ പാഞ്ചാലിമേട് എന്നിവിടങ്ങളിലും  ഡിഐജി ഡോ എ ശ്രീനിവാസ് പുല്ലുമേട്ടിലുമെത്തി വേണ്ട നിർദ്ദേശങ്ങൾ നൽകി. സുരക്ഷക്കും ഗാതഗത നിയന്ത്രണത്തിനുമായി 1400  പോലീസുകാരെ മകരവിളക്ക് ദിവസം ജില്ലയിൽ വിന്യസിക്കും. കുമളിയിൽ നിന്നും കോഴിക്കാനം വരെ 65  കെഎസ്ആർടിസി സർവീസ് നടത്തും. കോഴിക്കാനം മുതൽ പല്ലുമേട് വരെ  10 കിലോ മീറ്റർ കാനാനപാതയിൽ വെളിച്ചവും ക്രമീകരിച്ചു. തീപിടുത്തമുണ്ടാകാതിരിക്കാൻ ഉണങ്ങിയ പുല്ല് തീയിട്ടു.  പുല്ലുമേട്ടിൽ ബാരിക്കേഡുകളുടെ പണിയും പുരോഗമിക്കുകയാണ്. 
 

click me!