
മലപ്പുറം: വായ്പാ കുടിശികയുടെ പേരിൽ പൊന്നാനിയിൽ പട്ടിക ജാതി കുടുംബത്തെ വീട്ടിൽ നിന്നും ഇറക്കി വിട്ടു. പൊന്നാനിക്കടുത്ത് ആലംകോടാണ് സംഭവം. തളശിലേരി വളപ്പിൽ വീട്ടിൽ ടിവി ചന്ദ്രനും കുടുംബത്തിനുമാണ് സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നത്. മറ്റൊരിടത്തേക്കും പോകാൻ ഇടമില്ലാതെ മൂന്നംഗ കുടുംബം ജപ്തി ചെയ്യപ്പെട്ട വീടിന് പിന്നിലെ വിറകുപുരയിൽ അഭയം പ്രാപിച്ചു. ഗർഭിണിയായ മകൾ ഉൾപ്പെടെയുള്ള കുടുംബമാണ് ദുരിതത്തിലായത്.
പൊന്നാനി അർബൻ ബാങ്കിൽ നിന്നും 2016 ൽ മൂന്ന് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ അടക്കാനുള്ള തുക 5.20 ലക്ഷമായി. ഒരാഴ്ച മുൻപ് ബാങ്കിൽ നിന്നെത്തിയവർ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരുമെന്ന് അറിയിച്ചു. കുടുംബം സാവകാശം തേടിയെങ്കിലും ഇനിയും നൽകാനാവില്ലെന്ന നിലപാടിലായിരുന്നു ബാങ്ക് അധികൃതർ. മൂന്ന് ദിവസം മുൻപാണ് അഭിഭാഷകരും പൊലീസും അടക്കം ബാങ്ക് പ്രതിനിധികളെത്തി വീട് ജപ്തി ചെയ്തത്.
പോകാൻ മറ്റൊരു സ്ഥലം ഇല്ലാതെ കുടുംബം താമസം ജപ്തി ചെയ്യപ്പെട്ട വീടിന് പുറകിലെ വിറകുപുരയിലേക്ക് മാറ്റി. മൂന്ന് മാസം ഗർഭിണിയായ മകളും അച്ഛനും അമ്മയുമാണ് വിറകുപുരയിൽ കഴിയുന്നത്. കൊവിഡിനെ തുടർന്നുള്ള പ്രതിസന്ധിയും കൂലിപ്പണി കിട്ടാത്തതും മകളുടെ കല്യാണത്തിനുണ്ടായ ഭാരിച്ച ചെലവും മൂലമാണ് വായ്പാ തിരിച്ചടവ് മുടങ്ങിയതെന്നാണ് ഗൃഹനാഥൻ പറയുന്നത്. ജപ്തി തടയാൻ 25000 രൂപയെങ്കിലും അടിയന്തിരമായി അടക്കണമെന്നായിരുന്നു ബാങ്കുകാർ ആവശ്യപ്പെട്ടത്. 5000 രൂപ മാത്രമേ കുടുംബത്തിന് അടക്കാൻ കഴിഞ്ഞുള്ളൂ.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്