'രാമനാട്ടുകരയിൽ പിടിയിലായത് സ്വർണക്കടത്തിന് സംരക്ഷണവുമായി എത്തിയവർ', തെളിവ് ലഭിച്ചതായി മലപ്പുറം എസ്പി

By Web TeamFirst Published Jun 22, 2021, 1:42 PM IST
Highlights

മൊബൈൽ അടക്കം പരിശോധിച്ചു. ഇതിൽ നിന്നാണ് കൂടുതൽ തെളിവുകൾ ലഭിച്ചതെന്നും എസ് പി അറിയിച്ചു

മലപ്പുറം: രാമനാട്ടുകര അപകടത്തിന് പിന്നാലെ ദുരൂഹ സാഹചര്യത്തിൽ പിടിയിലായവർ സ്വർണക്കടത്തിന് സംരക്ഷണം നൽകാനെത്തിയവരെന്ന് മലപ്പുറം എസ്പി എസ് സുജിത് ദാസ്. പ്രതികൾക്കെതിരെ തെളിവുകൾ ഉണ്ടെന്നും തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമടക്കം നടന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരാണ് കസ്റ്റഡിയിലുള്ളത്. ഇവർ ചെർപ്പുളശ്ശേരി സ്വദേശികളാണ്. മൊബൈൽ അടക്കം പരിശോധിച്ചു. ഇതിൽ നിന്നാണ് കൂടുതൽ തെളിവുകൾ ലഭിച്ചതെന്നും എസ് പി അറിയിച്ചു. സംഘങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ നിലവിൽ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലാണ് ഉള്ളതെന്നും അദ്ദേഹം അറിയിച്ചു. 

ഇന്നലെയാണ് രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് ബോലേറോ ജീപ്പ് ലോറിയിലിടിച്ച് തകര്‍ന്ന് അഞ്ച് യുവാക്കള്‍ മരിച്ചത്. മലപ്പുറം പാണ്ടിക്കാട് നിന്ന് കോഴിക്കോട് നാദപുരത്തേക്ക് സിമന്‍റ് കയറ്റി വന്ന ലോറിയുമായി ഇവര്‍ സഞ്ചരിച്ച വാഹനം നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഒരു സാധാരണ വാഹനാപകടം എന്നായിരുന്നു ആദ്യ സൂചനയെങ്കിലും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഇന്നോവ കാറിലുണ്ടായിരുന്ന ആറ് പേരെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിഞ്ഞത്.

click me!