
മലപ്പുറം : മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് വെട്ടിച്ചിറയിൽ ദേശീയപാത 66-ൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പാതയുടെ നിർമ്മാണം പൂർണ്ണമായും പൂർത്തിയാകുന്നതിന് മുൻപേ ടോൾ പിരിക്കാനുള്ള നാഷണൽ ഹൈവേ അതോറിറ്റിയുടെ തീരുമാനമാണ് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
പുതുക്കിയ ടോൾ നിരക്കുകൾ ഇങ്ങനെ:
വെട്ടിച്ചിറ ടോൾ പ്ലാസയിൽ വിവിധ വാഹനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള നിരക്കുകൾ ഔദ്യോഗികമായി പുറത്തുവിട്ടു. കാർ, ജീപ്പ്, വാൻ തുടങ്ങിയ ലഘു വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 145 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാൽ 24 മണിക്കൂറിനുള്ളിൽ മടക്കയാത്ര നടത്തുകയാണെങ്കിൽ 220 രൂപ നൽകിയാൽ മതിയാകും. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന സ്വകാര്യ വാഹന ഉടമകൾക്ക് പ്രതിമാസം 340 രൂപയുടെ പാസ് സൗകര്യം ലഭ്യമാണ്. വലിയ വാഹനങ്ങളായ ബസ്, ട്രക്ക് എന്നിവയ്ക്ക് 495 രൂപയും, വ്യാവസായിക വാഹനങ്ങൾക്ക് 540 രൂപയുമാണ് ഈടാക്കുക. ഹെവി കൺസ്ട്രക്ഷൻ മെഷിനറി വാഹനങ്ങൾക്ക് 775 രൂപയും, ഏഴിൽ കൂടുതൽ ആക്സിലുകളുള്ള വലിയ ചരക്ക് വാഹനങ്ങൾക്ക് 945 രൂപയുമാണ് ടോൾ നിശ്ചയിച്ചിരിക്കുന്നത്.
ദേശീയപാതയുടെ പണി പൂർത്തിയാകാതെ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാരും ജനപ്രതിനിധികളും. രാമനാട്ടുകര മുതൽ വളാഞ്ചേരി വരെയുള്ള റീച്ചിൽ പലയിടങ്ങളിലും സർവീസ് റോഡുകളുടെയും ഓവുചാലുകളുടെയും പണി ഇനിയും ബാക്കിയുണ്ട്. പ്രത്യേകിച്ച് കൂരിയാട്, വട്ടപ്പാറ, കുറ്റിപ്പുറം തുടങ്ങിയ ഭാഗങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. റോഡിലെ സുരക്ഷാ സംവിധാനങ്ങളും സ്ട്രീറ്റ് ലൈറ്റുകളും പൂർണ്ണമായി സജ്ജമാക്കാതെ പണം പിരിക്കാൻ ധൃതി കാണിക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. ആദ്യം പാതയുടെ നിർമ്മാണം പൂർത്തിയാക്കി സുഗമമായ യാത്ര ഉറപ്പാക്കണമെന്നും അതിനുശേഷം മാത്രമേ ടോൾ പിരിവ് തുടങ്ങാവൂ എന്നുമാണ് ജനങ്ങളുടെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam